സഞ്ജു സാംസണ്‍ അയര്‍ലന്‍ഡിന് വേണ്ടി കളിക്കുമോ


DECEMBER 12, 2022, 8:15 AM IST

കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം അംഗമാകാത്തതില്‍ ക്രിക്കറ്റ് പ്രേമികള്‍ നിരാശരാണ്. സാംസണെ ടീമില്‍ നിന്ന് ഒഴിവാക്കി അദ്ദേഹത്തിന് അവസരം നല്‍കാത്തതിന് ആരാധകരില്‍ നിന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് പതിവായി വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. അതിനിടെ അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അടുത്തിടെ തങ്ങളുടെ ടീമില്‍ ചേരാന്‍ സാംസണിന് ഒരു ഓഫര്‍ നല്‍കിയതായി വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു.

 സാംസണിന്റെ ക്രിക്കറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി അയര്‍ലന്‍ഡ് ടീമിലേക്ക് മാറിയാല്‍, എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് അയര്‍ലന്‍ഡ് ബോര്‍ഡ് ക്രിക്കറ്റ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സാംസണ്‍ ഈ ഓഫര്‍ നിരസിക്കുകയും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു രാജ്യത്തിനായി കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ലെന്നും പറഞ്ഞു. ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ബി.സി.സി.ഐയുമായും ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായും ഉള്ള എല്ലാ ബന്ധങ്ങളും ഈ 28കാരന് വിച്ഛേദിക്കേണ്ടി വരുമായിരുന്നു.

2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സാംസണെ ഒഴിവാക്കിയിരുന്നു. 2022ലെ ഏഷ്യാ കപ്പിലേക്കും സാംസണെ തിരഞ്ഞെടുത്തില്ല. അടുത്തിടെ നടന്ന ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിലും സാംസണെ ഉള്‍പ്പെടുത്തിയില്ല.  ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ അംഗമായിരുന്നെങ്കിലും, അദ്ദേഹത്തിന് കളിക്കാന്‍ ഒരവസരം പോലും നല്‍കിയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലുടനീളം, സാംസണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മെന്‍ ഇന്‍ ബ്ലൂ പരാജയപ്പെട്ട ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതിന് അദ്ദേഹം വലിയ പഹഅകുവഹിച്ചു. 86 റണ്‍സുമായി പുറത്താകാതെ നിന്ന സാംസണാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ അദ്ദേഹം യഥാക്രമം 30, 2 റണ്‍സ് നേടി പുറത്താകാതെ നിന്നു. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു.

ഈയിടെ സാംസണിന്റെ കളിമികവിനെ പ്രശംസിച്ച് മുന്‍ പാക് താരം രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിനെതിരേ ഇഷാന്‍ കിഷന്‍  നേടിയതു പോലെയുള്ള കിടിലന്‍ ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ കഴിയുന്ന മറ്റൊരു വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെന്നു പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയാണ് പ്രശംസിച്ചിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ മതിയായ അവസരങ്ങള്‍ നല്‍കിയാല്‍ സഞ്ജുവില്‍ നിന്നും ഇതുപോലെയുള്ള ഇന്നിങ്സുകള്‍ കാണാന്‍ സാധിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും വേണ്ട മറ്റൊരു വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്. ഇന്ത്യക്കു വേണ്ടി അദ്ദേഹം സ്ഥിരമായി കളിക്കുന്നതു കാണാന്‍ നമ്മളളെല്ലാം ആഗ്രഹിക്കുന്നു. അത്രയും കഴിവുറ്റ ക്രിക്കറ്ററാണ് സഞ്ജു. ഡബിള്‍ സെഞ്ച്വറി നേടാനുള്ള മിടുക്ക് അദ്ദേഹത്തിനുമുണ്ട്. സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍ക്കു നിങ്ങള്‍ അവസരം നല്‍കിയെങ്കില്‍ മാത്രമേ അവര്‍ക്കു റണ്‍സെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡാനിഷ് കനേരിയ സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

Other News