ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍; ലോക മൂന്നാം നമ്പറിനെ അട്ടിമറിച്ച് സാത്വിക് ചിരാഗ് സഖ്യം സെമിയില്‍


NOVEMBER 8, 2019, 4:00 PM IST

ഫുഷൗ: ഫുഷൗ ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക്‌സായ്‌രാജ് -റെങ്കിറെഡ്ഡിചിരാഗ് ഷെട്ടി സഖ്യം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരങ്ങളായ ചൈനയുടെ ലി ജന്‍ ഹുയ്, ലിയു യു ചെന്‍ സഖ്യത്തെയാണ് ഇന്ത്യ അട്ടിമറിച്ചത്. സ്‌കോര്‍ 21-19, 21-15. നേരത്തെ, തായ്‌ലന്‍ഡ് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യ ഇതേ സഖ്യത്തെ അട്ടിമറിച്ച് കിരീടം നേടിയിരുന്നു.

മുന്‍ ലോക ചാമ്പ്യന്മാരായ ചൈനീസ് സഖ്യത്തിനെതിരെ രണ്ട് ഗെയിമിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍തന്നെ ഇന്ത്യ 3-0 എന്ന നിലയില്‍ ലീഡെടുത്തിരുന്നു. പിന്നീടത് 17-16 ലേക്കും 21-19 എന്ന നിലയില്‍ വിജയത്തിലുമെത്തിക്കാനായി. രണ്ടാമത്തെ ഗെയിമില്‍ ഇന്ത്യന്‍ ജോഡികള്‍ കൂടുതല്‍ സ്ഥിരതകാട്ടി. കൃത്യമായ ലീഡില്‍ മുന്നേറിയ സാത്വികും ചിരാഗും എതിരാളികള്‍ക്ക് കളി വിട്ടുകൊടുത്തില്ല.

ലോക 9ാം റാങ്കുകാരായ ഇന്ത്യന്‍ സഖ്യം ടോപ് സീഡുകളായ ഇന്തോനേഷ്യയുടെ കെവിന്‍ സഞ്ജയ സുകമുല്‍ജോ, മാര്‍ക്കസ് ഫെര്‍ണാള്‍ഡി ഗിഡിയോണ്‍ സഖ്യത്തെയാണ് സെമിയില്‍ എതിരിടുക. ആദ്യ റൗണ്ടില്‍ അമേരിക്കയെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം റൗണ്ടില്‍ ലോക അഞ്ചാം റാങ്കുകാരായ ഇന്തോനേഷ്യന്‍ സഖ്യത്തെ കീഴ്‌പ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പുകളായി എത്തിയ സാത്വിക്കിനും ചിരാഗിനും സെമിയിലും അട്ടിമറി ജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.