ജിദ്ദ: സൗദി അറേബ്യയിലെ മുന്‍നിര ക്ലബ്ബായ അല്‍ ഹിലാല്‍ ലോക ഫുട്ബോളിലെ ഇതിഹാസ താരവും അര്‍ജന്റീന നായകനുമായ ലിയണല്‍ മെസിക്ക് വാഗ്ദാനം ചെയ്തത് 300 ദശലക്ഷം യൂറോ. ഇതു മറ്റ് ആനുകൂല്യങ്ങള്‍ അടക്കം 400 യൂറോ വരെ എത്താം. 1.6 ബില്യണ്‍ റിയാലാണ് ഇത്. സൗദിയിലെ സ്പോര്‍ട്സ് ജേണലിസ്റ്റ് ഖാലിദ് അല്‍ ദിയാബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫഹദ് ബിന്‍ നാഫെലിന്റെ നേതൃത്വത്തിലുള്ള അല്‍-ഹിലാല്‍ ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം അറിയിച്ച് മെസിക്ക് ഔദ്യോഗിക ഓഫര്‍ നല്‍കി. പാരീസ് സെന്റ് ജര്‍മെയ്നുമായുള്ള കരാര്‍ അവസാനിച്ച ശേഷം ഹിലാലില്‍ ചേരാനാണ് ഈ ഓഫര്‍ മുന്നോട്ടുവെച്ചത്. ക്ലബ്ബിന്റെ വാഗ്ദാനം മെസി സ്വാഗതം ചെയ്തതായും മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. അതേസമയം, ഹിലാലില്‍ ഉടന്‍ ചേരാനുള്ള താല്‍പര്യം മെസി പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ ഒന്നോ രണ്ടോ സീസണ് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. മെസിയുടെ പിതാവുമായും അല്‍ ഹിലാല്‍ ക്ലബ് ബന്ധപ്പെട്ടു. മെസിയുടെ ഏജന്റു കൂടിയാണ് പിതാവ്. ട്വിറ്ററിലൂടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പോര്‍ച്ചുഗല്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദിയിലെ അന്നസ്ര്‍ ക്ലബ്ബുമായി കരാറിലെത്തിയ ശേഷം മെസിയും സൗദിയിലേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നസ്റിന്റെ പ്രധാന എതിരാളികളായ ഹിലാലില്‍ മെസി എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.
അതിനിടെ, മെസി അടുത്ത ദിവസം റിയാദിലെത്തും. ഈ മാസം 19ന് രാത്രി എട്ടിന് റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാരീസ് സെന്റ് ജെര്‍മന്‍-അന്നസ്ര്‍ മത്സരത്തിനായാണ് മെസി എത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍േഡോയുടെ വരവോടെ കൂടുതല്‍ ശ്രദ്ധ ലഭിച്ച ക്ലബ്ബാണ് അന്നസ്ര്‍. ഈ മത്സരത്തില്‍ ക്രിസ്റ്റിയാനോ പങ്കെടുക്കില്ല.
അതേസമയം, അന്നസ്ര്‍ ജഴ്‌സിയണിഞ്ഞ് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ കളിക്കളത്തിലിറങ്ങുന്നതു കാണാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരും. ഈ മാസം 21 ന് റൊണാള്‍ഡൊ അരങ്ങേറുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ 21 നും റൊണാള്‍ഡോക്ക് കളത്തിലിറങ്ങാനാവില്ല. റൊണാള്‍ഡോയെ സൗദി ഫുട്‌ബോള്‍ ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെള്ളിയാഴ്ചയാണ് അന്നസ്‌റിന് സാധിച്ചത്. പരമാവധി പരിധിയായ എട്ട് വിദേശ കളിക്കാര്‍ അന്നസ്‌റിലുണ്ടെന്നതിനാല്‍ ഒരാളെ ഒഴിവാക്കാനായി കാത്തിരിക്കേണ്ടി വന്നു. ഉസ്‌ബെക്കിസ്ഥാന്‍ മിഡ്ഫീല്‍ഡര്‍ ജലാലുദ്ദീന്‍ മഷാരിപോവിനെ ഒഴിവാക്കുമെന്നാണ് കരുതിയത്. എന്നാല്‍ കാമറൂണ്‍ സ്‌ട്രൈക്കര്‍ വിന്‍സന്റ് അബൂബക്കറിനെയാണ് ഒഴിവാക്കിയത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പ്രതീക്ഷിച്ചതിലും നീണ്ടു.
രജിസ്റ്റര്‍ ചെയ്തശേഷം റൊണാള്‍ഡൊ രണ്ടു കളികളില്‍ സസ്‌പെന്‍ഷന്‍ അനുഭവിക്കണം. നവംബറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലായിരിക്കെ ലഭിച്ച സസ്‌പെന്‍ഷന്‍ പുതിയ ക്ലബ്ബില്‍ റൊണാള്‍ഡൊ പൂര്‍ത്തിയാക്കണം. അല്‍താഇക്കെതിരായ വെള്ളിയാഴ്ചയിലെ മത്സരം പരിഗണിക്കുകയാണെങ്കില്‍ 14 ന് അല്‍ശബാബിനെതിരായ കളിയില്‍ കൂടി റൊണാള്‍ഡോക്ക് കളിക്കാനാവില്ല. 21 ന് അല്‍ഇത്തിഫാഖിനെതിരെ ഇറങ്ങാം. അല്‍താഇക്കെതിരായ കളിക്കു ശേഷമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതെങ്കില്‍ ഫെബ്രുവരി മൂന്നിന് അല്‍ഫതഹിനെതിരായ മത്സരത്തിലാവും മിക്കവാറും റൊണാള്‍ഡൊ ഇറങ്ങുക.
വി.ഐ.പി ലോഞ്ചില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ സാക്ഷിയാക്കിയാണ് അന്നസ്ര്‍ ഹോം മത്സരത്തില്‍ അല്‍താഇയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചത്. ബ്രസീല്‍ താരം ടാലിസ്‌കയാണ് രണ്ടു ഗോളുമടിച്ചത്. വ്യാഴാഴ്ചയാണ് ഈ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കനത്ത മഴ കാരണം നീട്ടിവെക്കുകയായിരുന്നു
അന്നസ്‌റിന് 12 കളികളില്‍ 29 പോയന്റായി. ഈ സീസണിലെ എട്ടാം ജയമാണ് ഇത്. 11 കളികളില്‍ 25 പോയന്റുള്ള അല്‍ശബാബിനെക്കാള്‍ നാല് പോയന്റ് ലീഡുണ്ട് അവര്‍ക്ക്. ഈ ടീമുകള്‍ തമ്മിലാണ് 14 ന് അടുത്ത മത്സരം.