ന്യൂകാസില്‍ യുണൈറ്റഡ് വാങ്ങുന്നതിനുള്ള തീരുമാനം സൗദിയും കൂട്ടാളികളും ഉപേക്ഷിച്ചു


JULY 31, 2020, 2:19 PM IST

ഇംഗ്ലീഷ് സോക്കര്‍ ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ് വാങ്ങാനുള്ള ശ്രമത്തില്‍ നിന്ന് സൗദി അറേബ്യ അവസാന നിമിഷത്തില്‍ പിന്മാറി.

ആറുമാസം മുമ്പ് തുടങ്ങിവെച്ച പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും സമ്പൂര്‍ണ്ണ ഏറ്റെടുക്കല്‍ നടപടികള്‍ അവസാനിപ്പിച്ചാണ് സൗദി അറേബ്യയുടെ പരമാധികാര-സമ്പത്ത് ഫണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു നിക്ഷേപ സംഘം വ്യാഴാഴ്ച പിന്‍വാങ്ങല്‍ നിലപാട് വ്യക്തമാക്കിയത്. 380 മില്യന്‍ ഡോളറിന്റെ ഇടപാടാണ് ഇതോടെ ഉപോക്ഷിക്കപ്പെട്ടത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചരിത്രമുറങ്ങുന്ന ക്ലബ്ബുകളിലൊന്നായ ന്യൂകാസില്‍ യുണൈറ്റഡിനെ വാങ്ങാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച സൗദി അറേബ്യന്‍ പബ്ലിക്ക് ഇന്‍വെസ്‌റ്‌മെന്റ് ഫണ്ടും, പി സി പി ക്യാപിറ്റല്‍ പാര്‍ട്‌നേഴ്സും, റൂബന്‍ സഹോദരങ്ങളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചു.

ന്യൂകാസില്‍ യുണൈറ്റഡിനെ വാങ്ങാന്‍ തങ്ങള്‍ക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നതായും, എന്നാല്‍ അപ്രതീക്ഷിതമായി നീണ്ടു നിന്ന ഈ പ്രക്രിയയില്‍ നിക്ഷേപ ഗ്രൂപ്പും, ക്ലബ്ബിന്റെ ഉടമകളും തമ്മിലുള്ള വാണിജ്യ കരാര്‍ കാലഹരണപ്പെട്ടതായും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ ചൂണ്ടിക്കാട്ടി. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അടുത്ത സീസണ്‍ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതാണ് ക്ലബ്ബിന്റെ നിക്ഷേപകരായി എത്തുന്നതില്‍ നിന്ന് അറേബ്യന്‍ കമ്പനിയെ പിന്നോട്ട് വലിച്ച പ്രധാന കാരണമെന്നാണ് സൂചന.

തങ്ങള്‍ ക്ലബ്ബിനെ വാങ്ങാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പറഞ്ഞ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, ന്യൂകാസില്‍ യുണൈറ്റഡിനും അവരുടെ ആരാധകര്‍ക്കും എല്ലാവിധ ആശംസകളും പ്രസ്താവനയിലൂടെ അറിയിച്ചു.

നേരത്തെ ഈ വര്‍ഷം ഏപ്രിലിലായിരുന്നു സൗദി അറേബ്യയില്‍ നിന്നുള്ള പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും, പിസിപി ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സും, റൂബന്‍ സഹോദരങ്ങളും ചേര്‍ന്ന് ന്യൂകാസില്‍ യുണൈറ്റഡിനെ വാങ്ങാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നത്. ന്യൂകാസിലിന്റെ ആരാധകര്‍ക്ക് വലിയ ആവേശമായിരുന്നു ഈ വാര്‍ത്ത നല്‍കിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പിന്തുണയുള്ള സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള ഏറ്റെടുക്കല്‍ 2018 ലെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ വെള്ളപൂശാന്‍ രൂപകല്‍പ്പന ചെയ്തതാണെന്ന്  മനുഷ്യാവകാശ അഭിഭാഷകര്‍ വാദിച്ചിരുന്നു.

Other News