തകര്‍പ്പന്‍ ക്യാച്ചിനെക്കുറിച്ച് ക്യാപ്റ്റന്‍ കോലി!


DECEMBER 9, 2019, 12:53 PM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി എടുത്ത ക്യാച്ച് ശ്രദ്ധനേടിയിരുന്നു. 14ാം ഓവറില്‍ ഷിമോണ്‍ ഹെട്മയറെ പുറത്താക്കാനായി എടുത്ത തകര്‍പ്പന്‍ ക്യാച്ചാണ് കൈയ്യടികള്‍ വാരിക്കൂട്ടിയത്. രവീന്ദ്ര ജഡേജ എറിഞ്ഞ പതിനാലാം ഓവറില്‍ തുടരെ തുടരെ സിക്‌സറുകള്‍ പകര്‍ത്തി 13 പന്തില്‍ നിന്നും 23 റണ്‍സടിച്ച് നില്‍ക്കവേ ഹെട്മയര്‍ മൂന്നാം സിക്‌സറിന് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്തുകൊണ്ടിരുന്ന ക്യാപ്റ്റന്‍ കോലി മിന്നല്‍ വേഗത്തില്‍ പറന്നെത്തുകയും ഞൊടിയിടയില്‍ പന്ത് കൈപ്പിടിയിലൊതുക്കുകയുമായിരുന്നു. കാണികളും കമന്റേറ്റര്‍മാരും ഒരുപോലെ തരിച്ചനിമിഷമായിരുന്നു അത്. ' ഇത് കോലിയല്ല, സൂപ്പര്‍മാനാണ്'' എന്നായിരുന്നു ക്യാച്ച് കണ്ട മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കറുടെ കമന്റ്.

എന്നാല്‍ ഇത്തരം ക്യാച്ചുകള്‍ ചിലപ്പോള്‍ കൈകളില്‍ പറ്റിപിടിക്കും. അല്ലാത്തപ്പോള്‍ മിസ്സാകും എന്നായിരുന്നു ഇതിനെക്കുറിച്ച് കോലിയുടെ കമന്റ്. ഇത്തരം നിമിഷങ്ങളില്‍ കളിക്കാര്‍ക്ക് ചെയ്യാനാകുക പരമാവധി ശ്രമിക്കുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുക മാത്രമേ നമുക്കു ചെയ്യാനാകൂ. കോലി പറഞ്ഞു. 

ഹൈദരാബാദിലെ ആദ്യ മത്സരത്തില്‍ സമാനമായ ഒരു ക്യാച്ചിന് ശ്രമിച്ചെങ്കിലും കോലി പരാജയപ്പെട്ടിരുന്നു. കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌ക്കര്‍ രണ്ടാം മത്സരത്തിനുശേഷം കോലി പറഞ്ഞ സമാന അഭിപ്രായപ്രകടനമാണ് അന്ന് നടത്തിയത്. 

അതേസമയം,കോലിയുടെ മാസ്മരിക ക്യാച്ച് മാത്രമായിരുന്നു രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ പ്രകടനത്തിലെ ഹൈലൈറ്റ്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകാരണം മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് വിജയിക്കുകയും പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു.

Other News