അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജംപില്‍ വെള്ളി


AUGUST 22, 2021, 11:04 PM IST

കെനിയ: നയ്‌റോബിയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗാണ് ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയത്.

മൂന്നാം റൗണ്ട് വരെ 6.59 മീറ്റര്‍ ദൂരം പിന്നിട്ട് ഷൈലി സിംഗ് മുന്നിട്ട് നില്‍ക്കുകയായിരുന്നു. സ്വര്‍ണ മെഡല്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തിയ താരം നാലാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

സ്വീഡന്റെ മജ അസ്‌കാഗ് ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ഷൈലി സിംഗിനേക്കാള്‍ ഒരു സെന്റി മീറ്റര്‍ അധികം ചാടി 6.60 മീറ്ററിലാണ് മജ നാലാം റൗണ്ട് അവസാനിപ്പിച്ചത്. ലോംഗ് ജംപ് അണ്ടര്‍ 20 വിഭാഗത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ കൂടിയാണ് മജ അസ്‌കാഗ്.

ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ അക്കാദമിയായ അഞ്ജു ബോബി ജോര്‍ജ് ഫൗണ്ടേഷനിലെ താരമാണ് ഷൈലി സിംഗ്. ഇന്ത്യയ്ക്ക് വേണ്ടി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മെഡല്‍ നേടിയത് അഞ്ജു ബോബി ജോര്‍ജാണ്. 2003ല്‍ പാരീസില്‍ വെച്ചായിരുന്നു അഞ്ജുവിന്റെ മെഡല്‍ നേട്ടം.

അഞ്ജു ബോബി ജോര്‍ജിന്റെ പരിശീലകനും ഭര്‍ത്താവുമായ റോബര്‍ട്ട് ബോബി ജോര്‍ജ് ആണ് ഷൈലിയുടേയും പരിശീലകന്‍.

ഷൈലിയുടെ മെഡല്‍ നേട്ടത്തില്‍ ഒരുപാട് അഭിമാനമുണ്ടെന്നും അതേ സമയം ഒരു സെന്റി മീറ്റര്‍ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായതില്‍ നിരാശയുണ്ടെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ഭാവിയില്‍ ഷൈലിയില്‍ നിന്നും ഒരു ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഷൈലി. യോഗ്യതാ റൗണ്ടില്‍ 6.40 മീറ്റര്‍ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്.

നയ്‌റോബിയില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ 10 കിലോ മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരുന്നു. 42:17.94 സമയമെടുത്താണ് അമിത് മത്സരം പൂര്‍ത്തിയാക്കിയത്. 

മിക്സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയതാണ് മീറ്റില്‍ മറ്റൊരു ഇന്ത്യന്‍ നേട്ടം. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്തു. ഹീറ്റ്സില്‍ മത്സരിച്ച ടീമില്‍ മലയാളി താരം അബ്ദുല്‍ റസാഖും ഉണ്ടായിരുന്നു.