ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ്; ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറി


OCTOBER 14, 2019, 5:29 PM IST

മുംബൈ:  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ബി.സി.സി.ഐ. യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്‌ഠ്യേന നിര്‍ദേശിക്കപ്പെട്ടിരുന്നു. തന്റെ പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനായിരിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഗാംഗുലി പ്രതികരിച്ചു. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ബി.സി.സി.ഐ.യുടെ ജോയന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.എസ്.കെ നായര്‍, ടി.സി. മാത്യു എന്നിവരാണ് ഇതിന് മുന്‍പ് ബി.സി.സി.ഐയില്‍ ഭാരവാഹികളായ മലയാളികള്‍.

കെ.സി.എയുടെ ജോ. സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജയേഷ് ജോര്‍ജ് നേരത്തെ രണ്ടു തവണ ഇന്ത്യ എ ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ സെക്രട്ടറി. മുന്‍ ബി.സി.സി.ഐ. പ്രസിഡന്റും കേന്ദ്ര ധനകാര്യസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാല്‍ ട്രഷററാകും.