സ്​പിന്‍ ഇതിഹാസം അബ്​ദുല്‍ ഖാദിര്‍ അന്തരിച്ചു


SEPTEMBER 7, 2019, 1:46 AM IST

ലാഹോര്‍: പാകിസ്​താന്‍ ക്രിക്കറ്റിലെ സ്​പിന്‍ ഇതിഹാസം അബ്​ദുല്‍ ഖാദിര്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്​ ലാഹോറിലായിരുന്നു അന്ത്യം. സെപ്​റ്റംബര്‍ 15ന്​ തന്റെ 64ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ്​​ വേര്‍പാട്​. 1970, 80 കാലഘട്ടങ്ങളില്‍ പാക്​ ബൗളിങ്ങിന്റെ  നെടുംതൂണായിരുന്നു അബ്​ദുല്‍ ഖാദിര്‍.

എതിര്‍ ബാറ്റ്​സ്​മാന്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഡാന്‍സിങ്​ ​ ആക്​ഷനും ടേണുംകൊണ്ട്​ ഖാദിര്‍ നടന്നുകയറിയത്​ ​ലെഗ്​ സ്​പിന്നി​​ന്റെ പരിഷ്​കര്‍ത്താവ്​ എന്ന പദവിയിലേക്കായിരുന്നു. കൈവിരലുകളില്‍ ഒളിപ്പിച്ച മാന്ത്രികതയുമായി ക്രീസിനെ അദ്ദേഹം അടക്കിവാണപ്പോള്‍ അതേ മാതൃക പിന്തുടര്‍ന്ന്​ ഒരുപിടി സ്​പിന്‍ പ്രതിഭകൾ വളര്‍ന്നു.

മുഷ്​താഖ് അഹമ്മദ്​​, ഷെയ്​ന്‍ വോണ്‍ തുടങ്ങിയവരുടെ ഗുരുതുല്യനും കൂടിയായിരുന്നു ഖാദിര്‍. 1977 ഡിസംബര്‍ 14ന്​ ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1990 വരെ ടെസ്​റ്റ്​ കളിച്ചു.

67 മത്സരങ്ങളില്‍ 236 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി. 1983 ജൂണില്‍ ന്യൂസിലന്‍ഡിനെതിരായിരുന്നു ഏകദിന അരങ്ങേറ്റം. 1993ല്‍ വിരമിക്കുമ്പോഴേക്കും 132 വിക്കറ്റുകളും നേടി. 1987ല്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിങ്​സില്‍ ഒൻപത് വിക്കറ്റ്​ വീഴ്​ത്തിയതായിരുന്നു ഏറ്റവും മികച്ച വ്യക്​തിഗത പ്രകടനം. ആ പരമ്പരയില്‍ മൂന്ന്​ ടെസ്​റ്റിലായി 30 വിക്കറ്റുകളാണ് ഖാദിർ കൊയ്‌തത്‌. 

ഗൂഗ്ലിയും ഫ്ലിപ്പറും ആയുധമാക്കിയാണ്​ ഖാദിര്‍ 70-80 കാലഘട്ടത്തില്‍ പാകിസ്​താന്‍ ബൗളിങ്ങി​ന്റെ കുന്തമുനയായി വാണത്​. ഏതാനും മത്സരങ്ങളില്‍ പാകിസ്​താന്‍ നായകനുമായിരുന്നു. വിരമിച്ച ശേഷം പാക്​ സെലക്​ടറായും കമന്റേറ്ററായും പ്രവര്‍ത്തിച്ചു. ക്രിക്കറ്റര്‍ ഉമര്‍ അക്​മല്‍ മരുമകനാണ്​.