മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരയാണ്. ഡിസംബറിലും അടുത്ത വര്‍ഷം ജനുവരിയിലുമായി നടക്കുന്ന പരമ്പരയെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഏഷ്യാ കപ്പില്‍ തോല്‍പ്പിച്ച ശ്രീലങ്കയോട് ഇന്ത്യക്ക് കണക്കുവീട്ടേണ്ടതായുണ്ട്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീമിനെയാവും ഇന്ത്യ ഇനിയങ്ങോട്ട് പരിഗണിക്കുക. അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പാണ് വരാനിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇപ്പോള്‍ മുതല്‍ ശക്തമായ പടയൊരുക്കം ഇന്ത്യക്ക് നടത്തേണ്ടതായുണ്ട്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെത്തും. അതുകൊണ്ട് തന്നെ എന്തുതരം തീരുമാനമാവും കൈക്കൊള്ളുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരുള്ളത്. ഇന്ത്യ ശ്രീലങ്കന്‍ പരമ്പരയില്‍ പരിഗണിക്കാന്‍ സാധ്യതയുള്ള ടീമിനെ പരിശോധിക്കാം.
ശിഖര്‍ ധവാനെ ഇന്ത്യ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കുമെന്നാണ് വിവരം. ഇഷാന്‍ കിഷനെ ഓപ്പണറായി പിന്തുണക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്തി മിന്നിച്ചിരുന്നു. കെ എല്‍ രാഹുല്‍ ടീമില്‍ തുടരുമ്പോള്‍ ശുബ്മാന്‍ ഗില്ലിനെയും ലോകകപ്പ് മുന്നില്‍ക്കണ്ട് വളര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തും. സൂര്യയെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. ശ്രേയസ് അയ്യരെ ഇന്ത്യ നാലാം നമ്പറില്‍ പിന്തുണച്ചേക്കും. സമീപകാലത്തെ ശ്രേയസിന്റെ പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ടീമിലേക്ക് തിരിച്ചെത്തിച്ചേക്കും. നിലവില്‍ മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്.
പരിക്ക് ഭേദമായി സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമിലേക്കെത്തിയേക്കും. ഉമ്രാന്‍ മാലിക്കിനെ ഏകദിന ടീമില്‍ തുടരാന്‍ അനുവദിച്ചേക്കും. നല്ല വേഗത്തില്‍ പന്തെറിയുന്ന ഉമ്രാനെ ഇന്ത്യ ഇന്ത്യ ഏകദിന ലോകകപ്പിലും പിന്തുണച്ചേക്കും. സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും തുടര്‍ന്നേക്കും. സീനിയര്‍ സ്പിന്നര്‍മാരെത്തന്നെ വിശ്വസിച്ച് ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്തിന് പരമ്പരയില്‍ വലിയ പരിഗണന ലഭിച്ചേക്കില്ല. സഞ്ജു സാംസണെ ഇന്ത്യ പിന്തുണക്കുമെന്നാണ് വിവരം. റിഷഭ് തുടര്‍ച്ചയായി ഫോം ഔട്ടാവുന്ന സാഹചര്യത്തില്‍ ഇഷാനും സഞ്ജുവിനും കൂടുതല്‍ അവസരം ലഭിച്ചേക്കും. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറല്ലെങ്കിലും കെ എല്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറായിത്തന്നെ പരിഗണിച്ചേക്കും. ബംഗ്ലാദേശ് പരമ്പരയില്‍ ഇന്ത്യ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തിത്തന്നെ മുന്നോട്ട് പോകേണ്ടതായുണ്ട്. നിരവധി പ്രശ്നങ്ങള്‍ ടീമിന് മുന്നിലുണ്ട്. കരുത്തുറ്റ ടീമുണ്ടായിട്ടും ഐ.സി.സി കിരീടങ്ങളിലേക്കെത്താനാവാത്തതിന്റെ കാരണം ഇന്ത്യ കണ്ടെത്തി മുന്നോട്ട് പോകണം. പുതിയ സെലക്ഷന്‍ കമ്മിറ്റിയെത്തുന്നതോടെ അവസരം കാത്തിരിക്കുന്ന യുവ പ്രതിഭകള്‍ക്ക് കൂടുതല്‍ കരുത്തുകാട്ടാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്ടന്‍ ), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്ടന്‍), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സഞ്ജു സംസണ്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്