ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ ട്രമ്പിനെ സന്ദര്‍ശിച്ചു


AUGUST 24, 2019, 7:16 PM IST

ന്യൂയോര്‍ക്ക്: ട്രമ്പ് ബെഡ്മിനിസ്റ്റര്‍ ഗോള്‍ഫ് കോഴ്‌സില്‍ അപൂര്‍വ്വമായൊരു സമാഗമം. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പുമായി കൂടിക്കാഴ്ച നടത്തിയതാണ് മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഹൃദ്രോഗബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന സന്നദ്ധസ്ഥാപനത്തിന്റെ ധനസമാഹരണവുമായി ബന്ധപ്പെട്ടാണ് സുനില്‍ഗവാസ്‌ക്കര്‍ ന്യൂയോര്‍ക്കിലെത്തിയത്. ന്യൂജേഴ്‌സിയിലും അറ്റ്‌ലാന്റയിലുമായി നടന്ന ചടങ്ങുകളില്‍ സംബന്ധിച്ച സുനില്‍ ഗവാസ്‌ക്കര്‍ ഏതാണ്ട് 230 ഹൃദയശസ്ത്രക്രിയകള്‍ക്കുള്ള ധനസമാഹരണവും നടത്തി.അതിനിടയിലാണ് ധനസമാഹരണവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസിഡന്റ് ട്രമ്പിനെ സന്ദര്‍ശിച്ചത്.

 സിലിക്കണ്‍ വാലി,സീറ്റില്‍,ലൂയിസ് വില്ലി, ഇന്ത്യാനാപോളിസ്,  ഫോര്‍ട്ട് വെയ്ന്‍,ചിക്കാഗോ എന്നിവിവിടങ്ങളില്‍ നടക്കുന്ന ധനസമാഹരണ ചടങ്ങുകളിലും ക്രിക്കറ്റ് ഇതിഹാസം പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് തിരച്ചുപോകുന്ന ഗവാസ്‌ക്കര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഹോം സീരീസില്‍ കമന്റേറ്ററാകും.നവി മുംബൈയില്‍ സത്യസായി സഞ്ജീവനി ആശുപത്രിയുമായി സഹകരിച്ചാണ് ഹാര്‍ട്ട് ടു ഹാര്‍ട്ടിന്റെ പ്രവര്‍ത്തനം. ഈ ആശുപത്രിയില്‍ വച്ചാണ് കുട്ടികള്‍ക്ക് സൗജന്യശസ്ത്രക്രിയ നടത്തുക. ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കര്‍ അതിനിടയിലാണ് സന്നദ്ധസേവനത്തിനായി യു.എസ് സന്ദര്‍ശിച്ചത്.