കൊച്ചി: ട്രാക്കിലും ഫീല്‍ഡിലും പുതിയ വേഗവും ദൂരവും കുറിച്ചവരെ ഒരു കുടക്കീഴിലെത്തിച്ച് സ്‌പോര്‍ട്‌സ് ഈസ് മൈ ലൈഫ് അത്‌ലറ്റിക് വെല്‍ഫെയര്‍ അസോസിയേഷന്‍. രാജ്യത്തിനായി മെഡലുകള്‍ വാരിക്കൂട്ടിയ താരങ്ങള്‍ രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടനം അരൂക്കുറ്റി ക്ലബ് മഹീന്ദ്ര റിസോര്‍ട്ടില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഔപചാരികതയ്ക്കപ്പുറം ട്രാക്കില്‍ പരസ്പരം പോരാടിയവരുടെയും പരിശീലകരുടെയും സംഗമവേദിയായി ഉദ്ഘാടനചടങ്ങ് മാറി. കായിക കേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച കെ പി തോമസ് മാഷ്, ടി പി ഔസേപ്പ്, ബോക്‌സര്‍ കെ സി ലേഖ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
പുതുതലമുറ താരങ്ങളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കാനും പഴയകാല താരങ്ങളെ സഹായിക്കാനും പുതിയ കൂട്ടായ്മയ്ക്ക് കഴിയുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. മുന്‍കാല ഫുട്‌ബോള്‍ താരങ്ങള്‍ക്കായി രൂപീകരിച്ച സഹകരണ സംഘത്തെ മാതൃകയാക്കിയാല്‍ അതു കൂടുതല്‍ ഗുണം ചെയ്യും. സര്‍ക്കാര്‍ തലത്തില്‍ സംഘടനയുമായി ബന്ധപ്പെട്ട് സഹായം നല്കുവാനും ഇതുവഴി കഴിയുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു. ഭാവിയില്‍ കായികതാരങ്ങള്‍ക്കായി ട്രെയിനിംഗ് കോളജ്, പരിശീലനത്തിനായി മൈതാനങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങളിലും സംഘടനയ്ക്ക് ശ്രദ്ധകൊടുക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌പോര്‍ട്‌സ് മീറ്റുകളുടെ തിരക്കില്‍ നിന്ന് അവധിയെടുത്താണ് പരിശീലകരും മുന്‍കാലതാരങ്ങളും ചടങ്ങിനായി എത്തിയത്. ഉദ്ഘാടന വേദിയില്‍ പരിശീലകരെ ആദരിച്ച ശിഷ്യരുടെ ഗുരുവന്ദനം പരിപാടിയും വേറിട്ടതായി. 55ലേറെ കായികാധ്യാപകരെ ആദരിച്ചു. സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടനും ഷൈനി വില്‍സണും പി ആര്‍ ശ്രീജേഷും തങ്ങളുടെ ഒളിമ്പിക്സ് അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു. ഒളിമ്പ്യന്‍മാരായ ചിത്ര കെ സോമന്‍, മഞ്ചിമ കുര്യാക്കോസ്, പ്രീജ ശ്രീധരന്‍, റോസക്കുട്ടി, മയൂഖ ജോണി, സിനി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ഇക്കഴിഞ്ഞ ഒളിമ്പിക്സില്‍ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി അലക്സ് ആന്റണിയെ അശ്വാ സ്പോട്സ് ക്ലബിന്റെ ചെയര്‍മാന്‍ എ പി സെബാസ്റ്റ്യന്‍, പ്രസിഡന്റ് റോയി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജെയിംസ് ഇടക്കാട്ടുകുടി എന്നിവര്‍ ചേര്‍ന്ന് 25000 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡിനങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചവരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് സ്‌പോര്‍ട്‌സ് ഈസ് മൈ ലൈഫ് അത്‌ലറ്റിക് വെല്‍ഫെയര്‍ അസോസിയേഷന്‍. കഷ്ടതയനുഭവിക്കുന്ന കായികതാരങ്ങളെ കണ്ടെത്തി സഹായം നല്‍കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി സഹായിക്കുക തുടങ്ങിയവയാണ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. റോയ് വര്‍ഗീസാണ് സംഘടനയുടെ രക്ഷാധികാരി. പ്രീജ ശ്രീധരന്‍, പി അനില്‍കുമാര്‍, രഞ്ജിത്ത് മഹേശ്വരി, വി വിജീഷ്‌കുമാര്‍, രാജാസ് തോമസ് തുടങ്ങിയവരും സംഘടനയുടെ നേതൃനിരയിലുണ്ട്.