ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വൗസ്‌നിയാക്കി......


APRIL 4, 2018, 1:06 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്കി സ്വന്തമാക്കി. ഒന്നാം റാങ്കുകാരിയായ, റൊമാനിയയുടെ സിമോണ ഹാലപ്പിനെ കീഴടക്കിയാണ് രണ്ടാം റാങ്കുകാരിയായ കരോളിന്‍ ആദ്യ ഗ്രാന്‍സ്ലാം കിരീടം ഉയര്‍ത്തിയത് (7-5, 3-6, 6-4).

ശനിയാഴ്ച നടന്ന വനിതാ ഫൈനലില്‍ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു ഹാലെപ്പും വോസ്‌നിയാക്കിയും തമ്മില്‍. ഇരുവരും നേരത്തേ രണ്ടുതവണ വീതം ഗ്രാന്‍സ്ലാം ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും തോല്‍വിയായിരുന്നു ഫലം. മൂന്നാം തവണയും ഗ്രാന്‍സ്ലാം ഫൈനലില്‍ ഹാലെപ്പിന് തോല്‍വി വഴങ്ങേണ്ടിവന്നു. ഇതോടെ റാങ്കിങ്ങില്‍ ഹാലെപ്പിനെ മറികടന്ന് വോസ്‌നിയാക്കി ഒന്നാമതെത്തും.

27-കാരിയായ വോസ്‌നിയാക്കി ആറുവര്‍ഷത്തിനുശേഷമാണ് ഒന്നാം റാങ്കിലെത്തുന്നത്. 30 ഡിഗ്രിയിലേറെ ചൂടുള്ള ഗ്രൗണ്ടില്‍ ഹാലെപ്പും വോസ്‌നിയാക്കിയും ശാരീരികമായി തളര്‍ന്ന് ഡോക്ടര്‍മാരുടെ സഹായം തേടി. രണ്ടു മണിക്കൂര്‍ 49 മിനിറ്റ് നീണ്ട മത്സരത്തില്‍ ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് നഷ്ടപ്പെട്ട ഹാലെപ്പ് രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ മത്സരവീര്യം ചോരാതെ പോരാടിയ വോസ്‌നിയാക്കി അന്തിമവിജയത്തിന് ഉടമയായി.