ദോഹ: കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് നെയ്മര്‍. നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ട് നോക്കി നില്‍ക്കുന്ന ആരാധകന്റെയും കുട്ടിയുടെയും ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്താണ് നെയ്മര്‍ നന്ദി രേഖപ്പെടുത്തിയത്.
'ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സ്നേഹം വരുന്നു. വളരെയധികം നന്ദി കേരളം' ചിത്രം പങ്കുവെച്ചുകൊണ്ട് നെയ്മര്‍ കുറിച്ചു. നെയ്മര്‍ ജൂനിയറിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്.
https://www.instagram.com/p/CmMyP1KtRvv/?utm_source=ig_web_copy_link
ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായെങ്കിലും ആരാധകര്‍ക്ക് ബ്രസീലിനോടും നെയ്മറിനോടുമുള്ള സ്നേഹത്തിന് കുറവുണ്ടായിട്ടില്ല. ക്രൊയേഷ്യയുമായുള്ള മത്സരത്തില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ഗ്രൗണ്ടിലിരുന്ന് വിതുമ്പുന്ന നെയ്മറുടെ മുഖം ഹൃദയം നുറുങ്ങുന്ന കാഴ്ചയായി. ഖത്തറിലെ പരാജയത്തിനു പിന്നാലെ നെയ്മര്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്രസീല്‍ ടീമില്‍ താരം തുടരുമെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. തോല്‍വിക്ക് പിന്നാലെ താരത്തിന് പിന്തുണയുമായി ഫുട്ബോള്‍ ഇതിഹാസം പെലെയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.