ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ട്രൈബ്‌സ് പാസ്‌പോര്‍ട്ട്


OCTOBER 9, 2019, 1:56 AM IST

 കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം പതിപ്പ് കൊഴുപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി എക്‌സ്‌ക്ലൂസീവ് പെയ്ഡ് അംഗത്വ പരിപാടിയായ 'കെ.ബി.എഫ്‌.സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട്' അവതരിപ്പിച്ചു. പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്ന ആരാധകര്‍ക്ക് ടീമുമായി ഇടപഴകാന്‍ അവസരം ലഭിക്കും.

അംഗത്വം എടുത്തവര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിലും അധികം പ്രത്യേക അവസരങ്ങള്‍ ലഭിക്കും. ഹോം മാച്ചുകള്‍ക്ക് സ്റ്റേഡിയത്തില്‍ ഏറ്റവും ആദ്യം മികച്ച സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.പാസ്‌പോര്‍ട്ട് പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്ന ആക്‌സസ് കോഡ് ഉപയോഗിച്ച്‌ പേ ടി എം ഇന്‍സൈഡര്‍ ആപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ക്ലബിന്റെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ചില തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും അവസരം ലഭിക്കും.

പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നവര്‍ക്ക് അതിശയിപ്പിക്കുന്ന ഉത്പന്നങ്ങള്‍ അടങ്ങിയ അംഗത്വ കിറ്റ് ലഭിക്കും. ക്ളബ് സംഘടിപ്പിക്കുന്ന പരിപാടികളിലേക്കുള്ള പ്രവേശനം, വ്യാപാര പങ്കാളികളില്‍ നിന്നും മികച്ച ഓഫറുകള്‍, ഇഷ്ട കളിക്കാരുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ക്ലബിന്റെ പ്രഖ്യാപനങ്ങള്‍, ന്യൂസ് ലെറ്ററുകള്‍, മറ്റ് മത്സര പദ്ധതികള്‍ എന്നിവയും ലഭ്യമാകും.

ആരാധകര്‍ക്ക് 999 രൂപനിരക്കില്‍ www.keralablastersfc.in എന്ന വെബ്‌സൈറ്റ് ലിങ്കിലൂടെ ട്രൈബ്‌സ് പാസ്‌പോര്‍ട്ട് അംഗത്വം നേടാമെന്ന് അധികൃതര്‍ അറിയിച്ചു.