സെമിഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് പരിക്ക് ഭീഷണി, ഖ്വാജയും സ്റ്റോയിനിസും പരിക്കേറ്റ് പുറത്ത്


JULY 8, 2019, 12:44 PM IST

ലണ്ടന്‍: ലോകകപ്പ് സെമിഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് പരിക്ക് ഭീഷണിയാകുന്നു. പ്രധാനപ്പെട്ട രണ്ട് കളിക്കാരില്ലാതെ സെമിഫൈനലില്‍ കളിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ. മധ്യനിരയിലെ നട്ടെല്ലായ ഉസ്മാന്‍ ഖ്വാജയും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസുമാണ് പരിക്കേറ്റ് ടീമിന് പുറത്തായത്. വ്യാഴാഴ്ച ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയാണ് ഓസ്‌ട്രേലിയയുടെ സെമിഫൈനല്‍ മത്സരം. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ തുടയ്്ക്ക് പരിക്കേറ്റ ഖ്വാജ ബാറ്റിംഗ് പാതിവഴിയില്‍ നിര്‍ത്തി കളം വിട്ടിരുന്നു. പിന്നീട് അദ്ദേഹം കളിക്കാനെത്തിയതുമില്ല. തുടര്‍ന്ന് ഖ്വാജ പരിക്കേറ്റ് ടീമില്‍ നിന്നും പിന്മാറിയെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ അറിയിച്ചു.  ഈ കാര്യം ക്യാപ്റ്റന്‍ ഫിഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തിന് ഒരുവശത്തെ വേദനയാണ് സ്റ്റോയിനിസിന് പുറത്തേയ്ക്ക് വഴിയൊരുക്കിയത്.

ഇരുവര്‍ക്കും പകരമായി മാത്യു വെയ്ഡിനെയും മിച്ചല്‍ മാര്‍ഷിനെയും ടീമിലുള്‍പ്പെടുത്താന്‍ ഐ.സി.സിയുടെ അനുമതി കാത്തുനില്‍ക്കുകയാണെന്ന് ടീമധികൃതര്‍.