വിംബിള്‍ഡണില്‍ സെറിന-സിമോണ ഫൈനല്‍, പുരുഷ സെമിയില്‍ നദാല്‍-ഫെഡറര്‍ പോരാട്ടം


JULY 12, 2019, 7:16 PM IST

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്ല്യംസിനെ സിമോണ ഹാലെപ് നേരിടും സെമിയില്‍ സെറീന ചെക്ക് താരം ബാര്‍ബറ സ്‌ട്രൈക്കോവയെ തോല്‍പിച്ചപ്പോള്‍ യുക്രെയ്‌ന്റെ എലിന സ്വിറ്റോലിനയെ സിമോണ കീഴടക്കി.

സീഡില്ലാത്ത താരമായ സ്‌ട്രൈക്കോവയെ 11ാം സീഡായ സെറീന അനായാസം കീഴടക്കി. സ്‌കോര്‍: 6-1, 6-2. അതേസമയം  ഏഴാം സീഡ് ഹാലെപ് സമാനമായി എട്ടാം സീഡായ സ്വിറ്റോലിനയെ രണ്ടു സെറ്റിനുള്ളില്‍ തോല്‍പ്പിച്ചു. സ്‌കോര്‍:6-1,6-3.

പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ ക്ലാസിക് പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. മൂന്നാം സീഡ് റാഫേല്‍ നദാല്‍ രണ്ടാം സീഡ് റോജര്‍ ഫെഡററെ നേരിടും. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ ഫെഡററെ തോല്‍പിച്ചിരുന്നു. എന്നാല്‍ പുല്‍ കോര്‍ട്ടില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്ന ഫെഡറര്‍ വിംബിള്‍ഡണില്‍ നദാലിനോട് പകരം വീട്ടുമോ എന്ന് കാത്തിരിക്കയാണ് ആരാധകര്‍.

ജപ്പാന്റെ കെയ് നിഷികോരിയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലെത്തിയത്. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം.

ആദ്യ സെറ്റ് 6-4ന് നിഷികോരി നേടി. എന്നാല്‍ ശേഷിക്കുന്ന മൂന്നു സെറ്റും നേടി ഫെഡറര്‍ ഫൈനലിലേക്ക് മുന്നേറി. സ്‌കോര്‍:4-6, 6-1, 6-4,6-4. അമേരിക്കന്‍ താരം സാം ക്യുറേയെ തോല്‍പ്പിച്ചാണ് നദാലിന്റെ മുന്നേറ്റം. മൂന്നു സെറ്റിനുള്ളില്‍ നദാല്‍ വിജയിച്ചു. സ്‌കോര്‍: 7-5,6-2,6-2.