ആതിഥേയര്‍ക്ക് തോല്‍വിയുമായി ലോകകപ്പ് ആദ്യമത്സരം


NOVEMBER 20, 2022, 7:32 PM IST

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇക്വഡോര്‍ പരാജയപ്പെടുത്തി. 16-ാം മിനുട്ടില്‍ ഇക്വഡോര്‍ ക്യാപ്റ്റന്‍ എനര്‍ വലന്‍സിയയാണ് 2022 ഫുട്ബോള്‍ മാമാങ്കത്തിലെ ആദ്യ ഗോള്‍ നേടിയത്. വലന്‍സിയയെ ബോക്സില്‍ വീഴ്ത്തിയ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബിന്റെ നടപടിക്ക് കിട്ടിയ പെനാല്‍റ്റി വലയിലെത്തിക്കുകയായിരുന്നു അദ്ദേഹം.

കളിയുടെ 31-ാം മിനുട്ടില്‍ വീണ്ടും വലന്‍സിയ ഖത്തറിനെതിരെ നിറയൊഴിച്ചതോടെ പ്ട്ടിക പൂര്‍ത്തിയായി. ഇക്വഡോറിന് സ്വന്തമായ രണ്ടു ഗോളുകളും ആദ്യ പകുതിയില്‍ തന്നെ നേടി. 

കളി തുടങ്ങി മൂന്നാം മിനുട്ടില്‍ ഖത്തറിന്റെ വലയില്‍ വലന്‍സിയ പന്തടിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചതോടെ ഗോള്‍ നഷ്ടമാകുകയായിരുന്നു. 

മത്സരത്തിലുടനീളം ഇക്വഡോര്‍ മികച്ച കളി പുറത്തെടുത്തപ്പോള്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഖത്തറിന് കാലിടറുന്നതാണ് പലപ്പോഴും കണ്ടത്. ആദ്യ ലോകകപ്പ് കളിക്കുന്നതിന്റേയും സ്വന്തം കാണികള്‍ക്കു മുമ്പില്‍ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റേയും സമ്മര്‍ദ്ദം ഖത്തറിന്റെ കളിയിലുടനീളം നിഴലിച്ചിരുന്നു. 

തിങ്കളാഴ്ച ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ പ്രാദേശിക സമയം വൈകിട്ട് നാലിന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഇറാനെയും ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ വൈകിട്ട് ഏഴിന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡസ് സെനഗലിനേയും എതിരിടും.