ലോകകപ്പ്; ഇന്ത്യയില്‍ നിന്നും വന്‍ ആരാധകരെ പ്രതീക്ഷിക്കുന്നെന്ന് ഖത്തര്‍


SEPTEMBER 19, 2021, 9:10 PM IST

ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പ് 2022ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ വലിയ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഫാത്തിമ അല്‍ നുഐമിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 

ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളതെന്നും ഇന്ത്യയെ തന്ത്രപരമായ പങ്കാളിയായാണ് ഖത്തര്‍ കാണുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഭൂമിശാസ്ത്രപരമായ സാമീപ്യം കൂടാതെ ഖത്തര്‍ എയര്‍വെയ്‌സ് ധാരാളം ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടുപ്പമാണ് കാണിക്കുന്നതെന്നു പറഞ്ഞ സുപ്രിം കമ്മിറ്റി കമ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിമ അല്‍ നുഐമി ലോകകപ്പ് കാണാന്‍ ഇന്ത്യയില്‍ നിന്നുള്ള ധാരാളം ആരാധകരെ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. 

ദോഹയില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്പ് ജൂണില്‍ ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഖത്തര്‍ തയ്യാറായിരുന്നതായും അവര്‍ പറഞ്ഞു. 

സ്റ്റേഡിയത്തിന്റേയും അടിസ്ഥാന സൗകര്യങ്ങളുടേയും കാര്യത്തില്‍ 98 ശതമാനം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ടീമുകള്‍ പങ്കെടുക്കുന്നില്ലെങ്കിലും മിഡില്‍ ഈസ്റ്റില്‍ നിന്നും ഏഷ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും നിരവധി ആരാധകരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.