ഇനിയില്ല, ക്രീസിലെ യുവരാജ ഭരണം


JUNE 10, 2019, 2:56 PM IST


മുംബൈ: ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ നേടിതന്ന ഇതിഹാസതാരം യുവ് രാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

ഇന്ത്യ ജേതാക്കളായ 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവിയായിരുന്നു. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും സിക്‌സറിന് പറത്തി യുവ് രാജ് സിംഗ് ലോകക്രിക്കറ്റില്‍ പുതിയ ഒരേട് തുന്നിച്ചേര്‍ത്തു.

2000 മുതല്‍ 2017 വരെ നീണ്ട 17 വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച യുവി 304 ഏകദിനങ്ങളില്‍8701 റണ്‍സെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റണ്‍സ് നേടി. 58 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സാണ് സമ്പാദ്യം. അതിനിടയില്‍ കാന്‍സര്‍ വന്നതുമുലം താല്‍ക്കാലിക വിടവാങ്ങള്‍ നടത്തേണ്ടത് കരിയറില്‍ തിരിച്ചടിയായി. 

ക്രിക്കറ്റ് നിലനില്‍ക്കുന്നിടത്തോളം കാലം ക്രിക്കറ്റ് ആരാധാകര്‍ക്ക് മനസ്സില്‍ താലോലിക്കാന്‍ ഒരുപാട് മികച്ച ഇന്നിംഗ്‌സുകള്‍ നല്‍കായാണ് യുവരാജ് വിടവാങ്ങുന്നത്.