JANUARY 22, 2021, 7:22 PM IST
മെല്‍ബണ്‍: ആസ്ത്രേലിയന്‍ പാര്‍ലമെന്റ് ്സ്വീകരിച്ച തീരുമാനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഗൂഗിളും ഫേസ്ബുക്കും. ഗൂഗ്ള്‍, ഫേസ്ബുക്ക് എന്നിവയിലൂടെ ഉപയോക്താക്കളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ക്ക് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് ആസ്ത്രേലിയന്‍ പാര്‍ലമെന്റ് തീരുമാനമെടുത്തിരിക്കുന്നത്. പുതിയ നിയമവുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുകയാണെങ്കില്‍ ഓസ്ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം മുഴുവനായും ഒഴിവാക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് വാളിലൂടെ വാര്‍ത്തകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള സൗകര്യം പൂര്‍ണമായും ഓസ്ട്രേലിയയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫേസ്ബുക്കും പ്രതികരിച്ചു.കമ്പനികള്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്തിയാല്‍ ആസ്ത്രേലിയയിലെ 19 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഗൂഗിളിന്റെ സേവനം നഷ്ടമാകും. ആസ്ത്രേലിയക്കാരില് 17 മില്ല്യണ്‍ പേരെങ്കിലും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്രയും പേര്‍ക്ക് ഫേസ്ബുക്കിലൂടെ വാര്‍ത്തകള്‍ അറിയാനുള്ള മാര്‍ഗ്ഗമാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാവുക. ലക്ഷക്കണക്കിന് ആസ്ത്രേലിയക്കാരെ ബാധിക്കുന്ന തീരുമാനമായതിനാല്‍ പാര്‍ലമെന്റിനെ സമ്മര്‍ദ്ദത്തിലാക്കി നിയമം നടപ്പിലാക്കാതിരിക്കാനുള്ള ശ്രമമാണ് ഗൂഗ്ളും ഫേസ്ബുക്കും സ്വീകരിക്കുന്നത്. ആസ്ത്രേലിയ ഇത്തരമൊരു തീരുമാനമെടുത്താല്‍ അതിനു പിന്നാലെ മറ്റു രാജ്യങ്ങളും ഇത്തരം നിയമം നടപ്പാക്കുമെന്ന ഭയവും ഗൂഗ്ളിനും ഫേസ്ബുക്കിനുമുണ്ട്. അതോടെ വലിയ തുകയാണ് ചെലവു വരികയെന്നാണ് കമ്പനികള്‍ ഭയക്കുന്നത്. നിയമവുമായി ആസ്ത്രേലിയ മുന്നോട്ടു പോവുകയാണെങ്കില്‍ രാജ്യത്ത് സേവനം അവസാനിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും ഗൂഗ്ളും ഫേസ്ബുക്കും പറയുന്നു. ഭീഷണികള്‍ക്ക് മുന്പില് വഴങ്ങില്ലെന്ന തീരുമാനത്തിലാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റേത്.