ഫേസ് ബുക്കില്‍ ഡാറ്റ ചോര്‍ച്ച: 53.3 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ചു


APRIL 5, 2021, 6:42 AM IST

വാഷിംഗ്ടണ്‍: അറുപത് ലക്ഷം ഇന്ത്യക്കാരുള്‍പ്പെടെ 53.3 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലി സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്പനിയായ ഹഡ്സണ്‍ റോക്കിന്റെ സഹസ്ഥാപകന്‍ അലോണ്‍ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലെ 3.2 കോടിയിലധികം അക്കൗണ്ടുകളും ബ്രിട്ടനിലെ 1.1 കോടിയും ഇന്ത്യയിലെ 60 ലക്ഷം പേരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ട്. ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് ഐ.ഡി, ജനന തീയതിയുള്‍പ്പെടെയുള്ള പൂര്‍ണമായ മേല്‍വിലാസമാണ് പരസ്യമായിരിക്കുന്നത്. ചില അക്കൗണ്ടുകളുടെ ഇ-മെയില്‍ അഡ്രസും പരസ്യമായവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ നേരത്തെ തന്നെ ചോര്‍ന്നതാണെന്നാണ് സൂചന.

ചോര്‍ന്ന ഡാറ്റ ഹാക്കിംഗ് ഫോറങ്ങളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫേസ്ബുക്കിലെ ഡാറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. നേരത്തെ നിരവധി ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ആക്‌സസ് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള സെര്‍ച്ച് ഓപ്ഷന്‍ ഫേസ്ബുക്ക് ഒഴിവാക്കിയിരുന്നു.

അതേസമയം, ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ പഴക്കമുള്ളതാണെന്നും 2019ല്‍ പരിഹരിച്ച ഒരു പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, വിവരങ്ങള്‍ ഹാക്കര്‍ വഴി ചോര്‍ന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ഗാല്‍ മുന്നറിയിപ്പ് നല്‍കി.

Other News