ഇലക്ട്രിക് കാറുകള്‍ പരമ്പരാഗത, ഹൈബ്രിഡ് കാറുകളേക്കാള്‍ ഹാനികരമെന്ന് ഐഐടി കാണ്‍പൂര്‍ പഠനം


MAY 24, 2023, 9:34 AM IST

കാണ്‍പൂര്‍: പരിസ്ഥിതിക്ക് ഏറ്റവും യോജിച്ചത് ഇലക്ടോണിക് കാറുകളാണെന്ന വാദത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വെളിപ്പെടുത്തലുമായി കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) യുടെ പഠന റിപ്പോര്‍ട്ട്.

 ഹൈബ്രിഡ് കാറുകളേക്കാളും പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിന്‍ കാറുകളേക്കാളും പരിസ്ഥിതി സൗഹൃദമല്ല ഇലക്ട്രോണിക് കാറുകള്‍ എന്നാണ് അടുത്തിടെ നടത്തിയ ഐഐടി പഠനം വ്യക്തമാക്കുന്നത്.

ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണവും ഉപയോഗവും സ്‌ക്രാപ്പിംഗും, ഹൈബ്രിഡ്, പരമ്പരാഗത എഞ്ചിന്‍ കാറുകളേക്കാള്‍ 15 മുതല്‍ 50 ശതമാനം വരെ കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ (ജിഎച്ച്ജി) ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഐഐടി കാണ്‍പൂരിന്റെ എഞ്ചിന്‍ റിസര്‍ച്ച് ലാബിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ഒരു കിലോമീറ്റര്‍ വിശകലനത്തില്‍, ഇലക്ട്രോണിക് വാഹനങ്ങളുടെ (ഇവി) വാങ്ങല്‍, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കും 15-60 ശതമാനം ചെലവ് കൂടുതലാണ്. ഹൈബ്രിഡ് ഇലക്ട്രിക് കാറുകള്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമാണെന്നും പഠനം വ്യക്തമാക്കുന്നു.

ഇലക്ട്രിക്, ഹൈബ്രിഡ്, പരമ്പരാഗത കാറുകളെക്കുറിച്ച് ജാപ്പനീസ് സംഘടനയുടെ സഹായത്തോടെയാണ് കാണ്‍പൂര്‍ ഐഐടി പഠനം നടത്തിയത്. വാഹനങ്ങളുടെ ലൈഫ് സൈക്കിള്‍ അനാലിസിസും (എല്‍സിഎ) മൊത്തം കോസ്റ്റ് ഓഫ് ഓണര്‍ഷിപ്പും (ടിസിഒ) കണക്കാക്കാന്‍ കാറുകളെ രണ്ട് വിദേശ വിഭാഗങ്ങളും ഒരു ഇന്ത്യന്‍ വിഭാഗവും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്.ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ അവിനാഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ബാറ്ററി ഇലക്ട്രിക് കാറുകള്‍ (ബിഇവി) മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വിവിധ വിഭാഗങ്ങളിലായി 15-50 ശതമാനം കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തി.

ബിഇവികളില്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യേണ്ടത് വൈദ്യുതി ഉപയോഗിച്ചാണ്, അതേസമയം രാജ്യത്ത് നിലവില്‍ 75 ശതമാനം വൈദ്യുതിയും കാര്‍ബണ്‍-ഡൈ-ഓക്‌സൈഡ് പുറന്തള്ളുന്ന കല്‍ക്കരിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുപോലെ, ബാറ്ററി കാറുകള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവ് ഹൈബ്രിഡ്, പരമ്പരാഗത കാറുകളെ അപേക്ഷിച്ച് കിലോമീറ്ററിന് 15-60 ശതമാനം കൂടുതലാണ്.

ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (HEV) മറ്റ് രണ്ട് വിഭാഗത്തിലുള്ള വാഹനങ്ങളില്‍ നിന്ന് ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമാണ് ഹരിത ഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത്. എന്നാല്‍ മറ്റ് രണ്ട് വിഭാഗത്തിലുള്ള കാറുകളേക്കാള്‍ ഇവയ്ക്ക് വില കൂടുതലാണ്.

ഹൈബ്രിഡ് കാറുകളുടെ ഉയര്‍ന്ന സര്‍ക്കാര്‍ നികുതിയാണ് ഉയര്‍ന്ന വിലയ്ക്ക് പ്രധാന കാരണം. ശുദ്ധമായ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കണമെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ക്കും ബാറ്ററി വാഹനങ്ങള്‍ക്ക് തുല്യമായ നികുതി നല്‍കണമെന്ന് ഐഐടി റിപ്പോര്‍ട്ട് എടുത്തുപറഞ്ഞു.

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിലും, കുറഞ്ഞ നികുതിയിലൂടെയും വാങ്ങുന്നവര്‍ക്ക് മറ്റ് ആനുകൂല്യങ്ങളിലൂടെയും ബാറ്ററി ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പരമ്പരാഗത എഞ്ചിന്‍ കാറുകളെ അപേക്ഷിച്ച് ഹൈബ്രിഡ് കാറുകള്‍ക്ക് ലിറ്ററിന് ഒന്നര മുതല്‍ ഇരട്ടി വരെ മൈലേജ് ലഭിക്കും.

വ്യക്തിഗത ഉപയോഗത്തിന്, പരമ്പരാഗത എഞ്ചിന്‍ ഉള്ള കാറിന് ബാറ്ററി ഉപയോഗിച്ച് ഓടിക്കുന്ന കാറിനേക്കാള്‍ വില കുറവാണെന്നും പ്രൊഫ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമാണ്. പരിസ്ഥിതിയുടെ കാര്യത്തില്‍ ഹൈബ്രിഡ് വാഹനങ്ങളാണ് ഏറ്റവും മികച്ചത്.

Other News