ഫേസ് ബുക്കിന്റെ പേരുമാറ്റം പ്രതിസന്ധിയില്‍


NOVEMBER 7, 2021, 9:46 AM IST

വാഷിംഗ്ടണ്‍ : ഫേസ്ബുക്ക് കമ്പനിയുടെ പേരുമാറ്റം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്.  മെറ്റ എന്ന പേരില്‍ നിലവില്‍ മറ്റൊരു കമ്പനി പ്രവര്‍ത്തിക്കുന്നതാണ് കമ്പനി സി.ഇ.ഒ സക്കര്‍ബര്‍ഗ് നേരിടേണ്ടി വരുന്ന പുതിയ തലവേദന.

അരിസോണ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ മെറ്റ പിസി, മെറ്റ എന്ന പേരിന് വേണ്ടി ആദ്യമായി ഒരു ട്രേഡ്മാര്‍ക്കിന് അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. ഡെസ്‌ക്ടോപ്പുകള്‍,ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ ആക്‌സസറികള്‍ എന്നിവ വില്‍ക്കുന്ന കമ്പനിയാണ് മെറ്റ പിസി.

ഒക്ടോബര്‍ 28 നാണ് മെറ്റ എന്ന ട്രേഡ്മാര്‍ക്കിനു വേണ്ടി ഫേസ്ബുക്ക് അപേക്ഷ നല്കിയതെങ്കില്‍ ഇതിന് മുന്‍പേ അരിസോണ ആസ്ഥാനമായുള്ള കമ്പനി മെറ്റ എന്ന പേരിന് വേണ്ടി അപേക്ഷ നല്‍കിയെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

മെറ്റ പിസികളുടെ സ്ഥാപകരായ ജോ ഡാര്‍ജറും സാക്ക് ഷട്ടും വ്യാപാര മുദ്രയ്ക്കുള്ള അപേക്ഷ പിന്‍വലിക്കാന്‍ തയ്യാറാണെങ്കിലും അതിനായി അവര്‍ ആവശ്യപ്പെടുന്ന തുക നല്‌കേണ്ടി വരും.

ഫേസ്ബുക്കില്‍ നിന്ന് 20 മില്യണ്‍ ഡോളറാണ് (എകദേശം 148.67 കോടി) ഇവര്‍ ആവശ്യപ്പെടുന്നത്. ഈ തുക അവരുടെ സ്വന്തം കമ്പനിയുടെയും ഉല്‍പ്പന്നങ്ങളുടെയും റീബ്രാന്‍ഡിംഗിനായി ചെലവഴിക്കും. മെറ്റയ്ക്ക് വേണ്ടി കോടികള്‍ ചിലവഴിക്കാനും ഫേസ്ബുക്ക് തയ്യാറാണെന്നാണ് വിവരം

Other News