പ്രാദേശിക ഭാഷകളില്‍ തത്സമയ പരിഭാഷയുമായി ഗൂഗിള്‍ പിക്സല്‍ ബഡ്സ്


AUGUST 19, 2021, 11:22 AM IST

ന്യൂഡല്‍ഹി : പിക്സല്‍ 5a 5G ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാത്തതില്‍ നിരാശരാണ് ഗൂഗിളിന്റെ ആരാധകര്‍. എന്നാല്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച അതേദിവസം തന്നെ പിക്സല്‍ ബഡ്സ് എ സിരീസ് ഗൂഗിള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ജൂണില്‍ ആഗോള വിപണിയില്‍ എത്തിയ പിക്സല്‍ ബഡ്സ് എ സീരീസിന് ഇന്ത്യയിലെത്തുമ്പോള്‍ വില 9999 രൂപയാണ്.

12 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് പിക്സല്‍ ബഡ്സിന് നല്‍കിയിരിക്കുന്നത്. ചുറ്റുപാടുകളെ അടിസ്ഥാനമാക്കി ഓഡിയോ വോളിയം കൂടുകയും കുറയുകയും ചെയ്യുന്ന അഡാപ്റ്റീവ് സൗണ്ട് ടെക്‌നോളജിയും എ സീരീസില്‍ ഗൂഗിള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ബംഗാളി, ഹിന്ദി, തമിഴ് എന്നിവയുള്‍പ്പെടെ 40ല്‍ അധികം ഭാഷകളിലേക്കുള്ള തത്സമയ പരിഭാഷയും പിക്സല്‍ ബഡ്സ് പിന്തുണയ്ക്കും. ഗൂഗിള്‍ പിക്സല്‍ ഫോണുകളിലും ആന്‍ഡ്രോയിഡ് 6.0 തൊട്ടുള്ള ഒഎസുകള്‍ ഉപയോഗിക്കുന്നവയിലും തത്സമയ പരിഭാഷ സാധ്യമാകും.

ഒറ്റത്തവണത്തെ ചാര്‍ജില്‍ 5 മണിക്കൂറും പിന്നീട് ചാര്‍ജിങ് കേയ്സില്‍ നിന്നുള്ള ചാര്‍ജില്‍ 24 മണിക്കൂറും ബഡ് പ്രവര്‍ത്തിക്കും. വാട്ടര്‍ റെസിസ്റ്റന്റ് ആയതുകൊണ്ട് ഏത് സാഹചര്യത്തിലും പിക്സല്‍ ബഡ്സ് എ സീരീസ് ഉപയോഗിക്കാം.

ഇന്ത്യയിലെ ട്രൂ-വയര്‍ലെസ് വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുകയാണ് പിക്സല്‍ ബഡ്സ് എ സീരീസ് അവതരിപ്പിക്കുന്നതിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വളരെ വലിയ വളര്‍ച്ചയാണ് രാജ്യത്തെ ട്രൂ വയര്‍ലെസ് വിപണിയില്‍ ഉണ്ടായത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മാത്രം 68 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായത്.

ഇന്ത്യന്‍ ബ്രാന്‍ഡുകളായ ബോട്ട്, നോയ്സ് തുടങ്ങിയവര്‍ക്കാണ് ട്രൂ വയര്‍ലെസ് വിപണിയില്‍ ആധിപത്യം. നിലവില്‍ 37 ശതമാനം വിപണി വിഹിതവുമായി ബോട്ട് ആണ് ട്രൂ വയര്‍ലെസ് രംഗത്തെ ഒന്നാമന്‍.

Other News