കാലിഫോര്‍ണിയ: ഫിഫ ലോകകപ്പിന്റെ അവസാനഘട്ട മത്സരത്തില്‍ റെക്കോഡിട്ട് ഗൂഗിള്‍. 2022ലെ ഫിഫ ലോകകപ്പിന്റെ വിവരങ്ങള്‍ക്കായി ഞായറാഴ്ച ഫുട്ബോള്‍ ആരാധകര്‍ ഗൂഗിളില്‍ പരിശോധിച്ചതിലൂടെ 25 വര്‍ഷത്തിനിടെയുളള ഏറ്റവും വലിയ തിരക്കാണ് ഗൂഗിളിനുണ്ടായതെന്ന് സി ഇ ഒ സുന്ദര്‍ പിച്ചെ പറഞ്ഞു.
അവസാന മത്സരത്തില്‍ ഫ്രാന്‍സിനെ 4-2 ന് തോല്‍പ്പിച്ച് അര്‍ജന്റീന മൂന്നാം ലോകകപ്പ് കിരീടം നേടിയപ്പോള്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളാണ് ആരവമുയര്‍ത്തിയത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തിരക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ലോകം മുഴുവന്‍ ഇന്റര്‍നെറ്റില്‍ ഒരു കാര്യം മാത്രം തെരയുന്നത് പോലെ തോന്നി. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫിഫ ലോകകപ്പ് 2022ലെ ഫൈനല്‍ മത്സരം എക്കാലത്തെയും മികച്ച ഗെയിമുകളിലൊന്നാണെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു. കൂടാതെ മത്സരത്തിലെ രണ്ട് ടീമുകളുടെയും പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.