ടിക്ടോക്കില്‍ ഹാക്കിംഗ് നടന്നതായി റിപ്പോര്‍ട്ട്


SEPTEMBER 6, 2022, 6:22 PM IST

സാന്‍ ഫ്രാന്‍സ്സികോ: സമൂഹമാധ്യമ ആപ്പായ ടിക്ടോകില്‍ ഹാക്കിങ് നടന്നതായി റിപ്പോര്‍ട്ട്. 200 കോടിയിലേറെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൈബര്‍ സുരക്ഷാ ഗവേഷകരാണ് വിവരം പുറത്തുവിട്ടത്. 

വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി സൈബര്‍ സുരക്ഷാ അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആപ്പില്‍ ഹാക്കിങ് നടന്ന വിവരം പുറത്തുവന്നത്. വേണ്ടത്ര സുരക്ഷിതമല്ലാത്ത സെര്‍വര്‍ വഴിയാണ് ഹാക്കര്‍മാര്‍ ടിക്ടോക് സ്റ്റോറേജില്‍ കടന്നു കയറിയതെന്നു കരുതുന്നു. ഇതുവഴി കോടിക്കണക്കിനു പേരുടെ വിവരങ്ങളാണ് കൈക്കലാക്കിയിരിക്കുന്നത്. 

ഇനിയും വീഴ്ചയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ബീഹൈവ് സൈബര്‍ സെക്യൂരിറ്റി ആരോപിക്കുന്നത്. പാസ്വേഡ് മാറ്റുകയും ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ എനേബിള്‍ ചെയ്യുന്നതും നന്നാകുമെന്ന് സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബീഹൈവ് സൈബര്‍ സെക്യൂരിറ്റി ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, കമ്പനിയുടെ സൈബര്‍ സുരക്ഷാ സംഘം വിവരചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് ടിക്ടോക് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന സാംപിള്‍ കോഡിന് ടിക്ടോകുമായി ബന്ധമില്ലെന്നും വ്യക്തമാക്കി. 

ടിക്ടോക്കിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വേണ്ടത്ര സുരക്ഷിതമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുവഴി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ തന്നെ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താനാവും.

Other News