ന്യൂയോര്‍ക്ക്: മികച്ച സ്റ്റൈലും കരുത്തുറ്റ പെര്‍ഫോമന്‍സുമായി ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. പുതുതലമുറ ഐഫോണ്‍ 13 സീരിസാണ് പ്രധാന ആകര്‍ഷണം. ആപ്പിള്‍ മേധാവി ടിം കുക്കാണ് പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തിയത്.
സെറാമിക് ഷീല്‍ഡ് ഫ്രണ്ട്, ഫ്ളാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രോഡക്ട് റെഡ് നിറങ്ങളിലാകും പുതിയ ഐഫോണ്‍ വിപണിയിലെത്തുക. ഐഫോണ്‍ 13 റീസൈക്കിള്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
പുതിയ ഫോണുകളുടെ ഡിസ്പ്ലേ, ബാറ്ററി, കാമറ എന്നിവയില്‍ പതിവുപോലെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഐഫോണ്‍ 13ന് ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയും കമ്പനി പുതിയതായി അവതരിപ്പിച്ചു.
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51,469 രൂപ). ഐഫോണ്‍ 13ന്റെ വില ആരംഭിക്കുന്നത് ഡോളര്‍ 799നാണ് (എകദേശം 58,832 രൂപ).