ഐ ഫോണ്‍ 15 സീരിസ് ലോഞ്ച് സെപ്തംബറില്‍


AUGUST 10, 2023, 1:18 AM IST

കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ലോഞ്ച് ചെയ്യാനുള്ള തിയ്യതി നിശ്ചയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം  സെപ്തംബര്‍ മൂന്നാം വാരത്തില്‍ ആപ്പിള്‍ ഫോണുകള്‍ അവതരിപ്പിക്കും. 

സെപ്lംബര്‍ 13ന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ആപ്പിള്‍  ചൊവ്വാഴ്ചകളിലാണ് ഐഫോണുകള്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബുധനാഴ്ചയാണ് മോഡലുകള്‍ പുറത്തിറക്കിയത്. ഈ വര്‍ഷം സെപ്തംബര്‍ 13 ബുധനാഴ്ചയാണ് എന്നതിനാല്‍ അന്നായിരിക്കും ആപ്പിള്‍ ഫോണുകള്‍ അവതരിപ്പിക്കുക എന്നാണ് പ്രചരിക്കുന്നത്. 

ഐഫോണ്‍ 15 സീരീസിനുള്ള പ്രീ-ഓര്‍ഡറുകള്‍ സെപ്തംബര്‍ 15 വെള്ളിയാഴ്യായിരിക്കും ആരംഭിക്കുക. ഔദ്യോഗിക ലോഞ്ച് സെപ്തംബര്‍ 22ന് ഷെഡ്യൂള്‍ ചെയ്തേക്കും. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14ന്റെ പ്രീ-ഓര്‍ഡറുകള്‍ സെപ്തംബര്‍ 9ന് ആരംഭിക്കുകയും സെപ്തംബര്‍ 16ന് ഫോണുകള്‍ സ്റ്റോറുകളില്‍ എത്തുകയും ചെയ്തിരുന്നു.  

ഐഫോണ്‍ 15 സീരീസില്‍ ഡിസ്പ്ലേയ്ക്ക് ചുറ്റും ചെറുതായി വളഞ്ഞ എഡ്ജുകളും കനം കുറഞ്ഞ ബെസലുകളുമുള്ള  പുതിയ ഡിസൈനാവും ഫോണില്‍ ഉണ്ടാവുക. പുതിയ നാല് മോഡലുകളിലും സാധാരണ ലൈറ്റ്‌നിങ് കണക്ടറിന് പകരം ഡൈനാമിക് ഐലന്‍ഡും യു എസ് ബി- സി പോര്‍ട്ടുകളും ഉണ്ടായിരിക്കും. പ്രോ മോഡലുകള്‍ക്കായി പരമ്പരാഗത സ്റ്റെയിന്‍ലെസ് സ്റ്റീലിന് പകരം പുതിയ ടൈറ്റാനിയം ഫ്രെയിമാണ് ഉണ്ടാവുക. ഇത് ഫോണുകള്‍ക്ക് ആകര്‍ഷകമായ രൂപം നല്‍കുന്നു.

ഐഫോണ്‍ 15 പ്രൊ, 15 പ്രൊ മാക്സ് എന്നിവയില്‍ പുതിയ എ17 ചിപ്പ് അവതരിപ്പിക്കും, ഇത് മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പ്രൊ മോഡല്‍ പുതിയ പെരിസ്‌കോപ്പ് ലെന്‍സുമായി വന്നേക്കാം. ഇത് ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് മെച്ചപ്പെടുത്തിയ ഒപ്റ്റിക്കല്‍ സൂം സൗകര്യം വാഗ്ദാനം ചെയ്യും.

Other News