ഒട്ടാവ: മോട്ടോര്‍ വാഹന നിര്‍മാതാക്കളായ മസ്ദയുടെ ആദ്യ ഇലക്ട്രിക് വാഹനം ഈ വര്‍ഷം ഫെബ്രുവരിയില്‍ കാനഡ വിപണിയിലെത്തും. എംഎക്‌സ് 30 ഇ.വി എന്ന പുതിയ വാഹനം 42,650 ഡോളര്‍ മുതല്‍ രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും. മസ്ദയുടെ ഇ-സ്‌കൈആക്ടീവ് സാങ്കേതികവിദ്യ അടക്കം വാഹനത്തില്‍ ലഭ്യമാകും. 161 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 35.5 കിലോവാട്ട് ലിഥിയം അയോണ്‍ ബാറ്ററിയാണ് മസ്ദ എംഎക്‌സ് 30യില്‍ ഉണ്ടാകുക.
അതേസമയം, ഈയാഴ്ച പുറത്തിറക്കാനിരുന്ന മസ്ദയുടെ പുതിയ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം ഉടനെ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ ഇലക്ട്രിക് വാഹനത്തെ അപേക്ഷിച്ച് കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം വലിയ എസ് യുവികളുമായി വടക്കേ അമേരിക്കന്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മസ്ദ വേണ്ടെന്നു വെച്ചെന്നാണ് വിവരം. രാജ്യത്തെ ഉപഭോക്താക്കളുടെ താത്പര്യത്തിന് ഇണങ്ങുന്നത് ഇന്ധനക്ഷമതയേറിയ ഇലക്ട്രിക് വാഹനങ്ങളാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
18 ഇഞ്ച് അലോയ് വീലുകളും ഹീറ്റഡ് മുന്‍സീറ്റുകളും അടക്കമുള്ള സൌകര്യങ്ങളാണ് ബേസ് മോഡലിലുള്ളത്. കറുപ്പും ചാരവും നിറം ഇടകലര്‍ന്ന അപ്‌ഹോള്‍സ്റ്ററിയ്‌ക്കൊപ്പം 8.8 ഇഞ്ച് സെന്റര്‍ ഡിസ്‌പ്ലേയും വാഹനത്തിലുണ്ട്. ഏറ്റവും പുതിയ മസ്ദ കണക്ട് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സൌകര്യങ്ങളുണ്ട്. മസ്ദ റഡാര്‍ ക്രൂസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അലേര്‍ട്ട്, സ്മാര്‍ട്ട് സിറ്റി ബ്രേക്ക് സപ്പോര്‍ട്ട്, പെഡിസ്ട്രിയന്‍ ഡിറ്റക്ടര്‍ തുടങ്ങിയ സൌകര്യങ്ങളും ബേസ് മോഡലില്‍ ഉണ്ടാകും.
പവര്‍ മൂണ്‍റൂഫ്, ബോസ് 12 സ്പീക്കര്‍ പ്രീമിയം ഓഡിയോ, 360 ഡിഗ്രി വ്യൂ മോണിറ്റര്‍, മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ ഡിമ്മിങ് റിയര്‍വ്യൂ മിറര്‍ തുടങ്ങിയവയുള്ള ജിടി മോഡലിന് 47,650 ഡോളര്‍ നല്‍കണം. മുന്‍ വൈപ്പര്‍ ഡീ ഐസര്‍, ഓട്ടോ ലെവലിങ് ഹെഡ്‌ലൈറ്റുകള്‍, അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിങ് സിസ്റ്റം തുടങ്ങിയ സൌകര്യങ്ങളും അധികനിരക്കില്‍ ലഭ്യമാണ്.