പോക്കോ M4 പ്രോ 5ജി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയിലേക്ക്


FEBRUARY 9, 2022, 8:04 AM IST

ഷഓമിയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ പോക്കോ ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പോക്കോ M4 പ്രോ 5ജിയാണ് ഉടന്‍ ഇന്ത്യയിലെത്തുക. ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് പോക്കോ M4 പ്രോ 5ജി അരങ്ങേറ്റം കുറിച്ചത്. ഒക്ടോബറില്‍ ചൈനീസ് വിപണിയിലെത്തിയ റെഡ്മി നോട്ട് 11 5ജിയുടെ റീബ്രാന്‍ഡഡ് പതിപ്പാണ് പോക്കോ M4 പ്രോ 5ജി

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോ (ഏകദേശം 19,500 രൂപ), 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 249 യൂറോ (ഏകദേശം 21,200 രൂപ) എന്നിങ്ങനെയാണ് യൂറോപ്യന്‍ വിപണിയില്‍ പോക്കോ M4 പ്രോ 5ജിയുടെ വിലകള്‍. കൂള്‍ ബ്ലൂ, പോക്കോ യെല്ലോ, പവര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് യൂറോപ്യന്‍ വിപണിയില്‍ പോക്കോ M4 പ്രോ 5ജി അവതരിപ്പിച്ചിരിക്കുന്നത്. ഇതേ നിറങ്ങളിലാവും ഇന്ത്യന്‍ വിപണിയിലും ഹാന്‍ഡ്‌സെറ്റ് വില്പനക്കെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്‍ഡ്രോയിഡ് 11-ല്‍ അടിസ്ഥാനമായ MIUI 12.5 സ്‌കിന്നില്‍ പ്രവര്‍ത്തിക്കുന്ന പോക്കോ M4 പ്രോ 5ജിയ്ക്ക് 90Hz റിഫ്രഷ് റേറ്റുള്ള, 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി ഡോട്ട് ഡിസ്പ്ലേയാണ്. മീഡിയടെക് ഡൈമന്‍സിറ്റി 810 SoC പ്രോസസറാണ് പോക്കോ M4 പ്രോ 5ജിയുടെ ശക്തി. ഇന്ത്യയില്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച അതെ റാം, സ്റ്റോറേജ് കോമ്പിനേഷനില്‍ തന്നെ പോക്കോ M4 പ്രോ 5ജി വില്പനക്കെത്തുമോ എന്ന് വ്യക്തമല്ല.

50 മെഗാപിക്സല്‍ പ്രധാന ക്യാമറയും 119 ഡിഗ്രി ലെന്‍സുള്ള 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും ചേര്‍ന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് പോക്കോ M4 പ്രോ 5ജിയില്‍ ക്രമീകരിച്ചിരിക്കുന്നത്. മുന്‍വശത്ത്, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമെറയണ്. 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും കണക്ടിവിറ്റിക്കായി ക്രമീകരിച്ചിട്ടുണ്ട്. 33W പ്രോ ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണില്‍ പായ്ക്ക് ചെയ്യുന്നത്.

Other News