റിലയന്‍സ് 5ജി സേവനം ദീപാവലി മുതല്‍


AUGUST 29, 2022, 9:40 PM IST

മുംബൈ: ഇന്ത്യയില്‍ റിലയന്‍സിന്റെ 5ജി സേവനം ദീപാവലി മുതല്‍ ആരംഭിക്കുമെന്ന് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് 5ജി പ്രഖ്യാപനമുണ്ടായത്. 

ബ്രോഡ്ബാന്‍ഡ് സേവനം മുമ്പത്തേക്കാള്‍ ഇരട്ടിയാകുമെന്ന് മുകേഷ് അംബാനി പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് സേവനം ജനങ്ങള്‍ക്ക് നല്‍കും. 100 ദശലക്ഷം വീടുകളെ ഇതുവഴി ബന്ധിപ്പിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി. എസ് എ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഏറ്റവും പുതിയ 5ജി സേവനം കൊണ്ടുവരുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. 

മറ്റ് കമ്പനികള്‍ പഴയ സൊല്യൂഷന്‍ ഉപയോഗിച്ചാകും 5ജി അവതരിപ്പിക്കുകയെന്നും അംബാനി പറഞ്ഞു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നാല് മെട്രോ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ആരംഭിക്കുക. 2023 ഡിസംബറോടെ കമ്പനി എല്ലാ നഗരങ്ങളിലും ജിയോ 5ജി എത്തും. വയര്‍, വയര്‍ലെസ് സേവനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തുടനീളം 5ജി വിന്യസിക്കും. സ്വകാര്യ സംരംഭങ്ങള്‍ക്കായി സ്വകാര്യ നെറ്റ്‌വര്‍ക്ക് സേവനവും നല്‍കും. ജിയോയുടെ 5ജി സേവന റോളൗട്ട് പ്ലാന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയതാണ്. ജിയോയുടെ 5ജി സേവനം ഗെയിമിംഗില്‍ നിന്ന് വീഡിയോ സ്ട്രീമിംഗിലേക്കുള്ള വഴി മാറ്റും.

വൈമാക്സ് പോലെ ജിയോഎയര്‍ഫൈബര്‍ ഉണ്ടായിരിക്കും. ഇത് ഹോട്ട് സ്പോട്ടായി പ്രവര്‍ത്തിക്കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 5ജി സേവനം ഉപയോഗിക്കാനാകും. ഐ പി എല്‍ മത്സരങ്ങള്‍ ജിയോ എയര്‍ഫൈബര്‍ ഉപയോഗിച്ച് ഒരോ സമയം ഒന്നിലധികം ക്യാമറ ആംഗിളുകളിലൂടെ തത്സമയം കാണാന്‍ സാധിക്കും. ജിയോയുടെ ക്ലൗഡ് പി സി ഉപയോക്താക്കള്‍ ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു. സാധാരണ ഉപയോക്താക്കളില്‍ നിന്ന് വാണിജ്യ ഉപയോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒരു ക്ലൗഡ് സ്പേസാണ് ഇത്.

Other News