ന്യൂയോര്‍ക്ക്: സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി ചാര്‍ജ്ജ് സാമൂഹ്യ മാധ്യമ ആപ്പുകള്‍ ഊറ്റിയെടുക്കുന്നതായി ആരോപണം. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരനാണ് ആരോപണവുമായി രംഗത്തെത്തിയത്.
സ്മാര്‍ട്ട്ഫോണിലെ ചില ആപ്ലിക്കേഷനുകള്‍ മറ്റ് ആപ്ലിക്കേഷനുകളേക്കാള്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിക്കാറുണ്ടെന്നും ഇത് ഫോണിന്റെ ബാറ്ററിയുടെ ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന ഡാറ്റാ സയന്റിസ്റ്റ് ജോര്‍ജ്ജ് ഹേവാര്‍ഡാണ് ആരോപണവുമായെത്തിയത്. സോഷ്യല്‍ മീഡിയ കമ്പനി 'നെഗറ്റീവ് ടെസ്റ്റിംഗ്' നടത്താറുണ്ടെന്നും ഇത് ഉപയോക്താവിന്റെ സെല്‍ഫോണിന്റെ ബാറ്ററി പവര്‍ രഹസ്യമായി ചോര്‍ത്തി എടുക്കുന്നുവെന്നുമാണ് ആരോപണം.
തന്റെ മുന്‍ തൊഴിലുടമയായ ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കളുടെ ഫോണ്‍ ബാറ്ററികള്‍ മനഃപൂര്‍വം ഊറ്റിയെടുത്തുവെന്നും ഹേവാര്‍ഡ് പറയുന്നു. ഈ രീതിയെ നെഗറ്റീവ് ടെസ്റ്റിംഗ് എന്നാണ് വിളിക്കുന്നത്. വ്യത്യസ്ത ഫീച്ചറുകളോ അവരുടെ ആപ്പുകളിലെ പ്രശ്നങ്ങളോ ആപ്പ് എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു അല്ലെങ്കില്‍ എത്ര വേഗത്തില്‍ ഒരു ചിത്രം ലോഡ് ചെയ്യുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനാണ് ഈ ടെസ്റ്റ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള നെഗറ്റീവ് ടെസ്റ്റിംഗ് സ്മാര്‍ട്ട്ഫോണില്‍ നടത്തുന്നുണ്ടെന്ന് ഉപയോക്താവിന് അറിയാന്‍ കഴിയില്ല എന്നതാണ് ഏറ്റവും മോശമായ കാര്യമെന്ന് ഹേവാര്‍ഡ് ഉന്നയിച്ചു. ഇത് ആരെയെങ്കിലും ദ്രോഹിച്ചേക്കാമെന്ന് താന്‍ മാനേജരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കുറച്ചുപേരെ ദ്രോഹിക്കുന്നതിലൂടെ കൂടുതല്‍ ജനങ്ങളെ സഹായിക്കാന്‍ കഴിയുമെന്നാണ് അവര്‍ അതിന് മറുപടി നല്‍കിയതെന്നും ഹേവാര്‍ഡ് പറഞ്ഞു. മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ ഫേസ്ബുക്കിനെതിരെ ഹേവാര്‍ഡ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നെഗറ്റീവ് ടെസ്റ്റിംഗില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനാണ് തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്പിലാണ് പരാതിക്കാരന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഫേസ്ബുക്കിന്റെ നെഗറ്റീവ് ടെസ്റ്റിംഗിന് ഇരയായ ഉപയോക്താക്കളുടെ കൃത്യമായ എണ്ണം തനിക്ക് അറിയില്ലെന്നും ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ തന്റെ ആരോപണങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു.