ഇന്നത്തേതിന് ലക്ഷം ഇരട്ടി വേഗതയുള്ള ഇന്റര്‍നെറ്റ് കാലം വരുന്നു 


JUNE 10, 2022, 7:32 PM IST

ടോക്യോ: ഇനി ഇന്റര്‍നെറ്റിന് സ്പീഡില്ല എന്നാരും പറഞ്ഞേക്കരുത്. ഇപ്പോഴല്ല, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍. ഇന്ന് നിങ്ങളുടെ വീട്ടില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് വേഗം ഒരുലക്ഷം ഇരട്ടിയായി വര്‍ദ്ധിക്കുന്ന കാലം വിദൂരമല്ല. എന്നുവച്ചാല്‍, നിങ്ങള്‍ കണ്ണുചിമ്മിത്തുറക്കുമ്പോള്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും തത്സമയ സംപ്രേഷണം ഇതോടെ സാധ്യമാകും. ആയിരക്കണക്കിന്  സിനിമകള്‍, ആയിരക്കണക്കിന് കമ്പനികളുടെ സമ്പൂര്‍ണ പ്രവര്‍ത്തന വിവരങ്ങള്‍, പതിനായിരക്കണക്കിന് ഗെയിമുകള്‍ എല്ലാം നിങ്ങളുടെ കംപ്യൂട്ടറിനുള്ളിലേക്കും പുറത്തേക്കും കുതിക്കും.

സെക്കന്‍ഡില്‍ 127,500 ജിബി ഡേറ്റയുമായി ഇനി പറക്കാനൊരുങ്ങുകയാണ് ഇന്റര്‍നെറ്റ്. കൃത്യമായി പറഞ്ഞാല്‍ നിലവിലുള്ളതിനേക്കാള്‍ 100,000 മടങ്ങ് വേഗം! ജപ്പാനിലെ ഗവേഷകര്‍ ഡേറ്റാ ട്രാന്‍സ്മിഷന്‍ വേഗത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതോടെയാണിത്. നിലവിലെ ഇന്റര്‍നെറ്റിനേക്കാള്‍ ഒരു ലക്ഷം മടങ്ങ് വേഗമുള്ള ഡേറ്റാ കൈമാറ്റമാണ് അവര്‍ സാധ്യമാക്കിയിരിക്കുന്നത്.

ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയിലെ (എന്‍ ഐ സി ടി) നെറ്റ്വര്‍ക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മേയ് 30നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു മള്‍ട്ടി-കോര്‍ ഫൈബറിലൂടെ (എം സി എഫ്) സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് ഡേറ്റ വിജയകരമായി കൈമാറ്റം ചെയ്തുവെന്നാണ് ഗവേഷകര്‍ അറിയിച്ചത്.

ഡേറ്റയുടെ യൂണിറ്റിനെ സൂചിപ്പിക്കുന്നതാണ് പെറ്റാബിറ്റ് (പി ബി). ഒരു പെറ്റാബിറ്റ് (1 പി ബി) 1,000,000 ജിഗാബൈറ്റിന് (ജി ബി) തുല്യമാണ്. പുതിയ ഇന്റര്‍നെറ്റ് വേഗം ഡിജിറ്റല്‍ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയിലെ നിലവിലുള്ള എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളേക്കാളും 100,000 മടങ്ങ് വേഗമുള്ളതാണ്.

സെക്കന്‍ഡില്‍ 1 പെറ്റാബിറ്റ് ഇന്റര്‍നെറ്റ് വേഗം ഉപയോഗിച്ച് ലോകത്തിന് എന്ത് ചെയ്യാന്‍ കഴിയും? 8കെ ബ്രോഡ്കാസ്റ്റിങ്ങിന്റെ 10 ദശലക്ഷം ചാനലുകള്‍ സെക്കന്‍ഡില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാം. നിലവില്‍ തത്സമയ വിഡിയോ പ്രക്ഷേപണം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കാന്‍ പുതിയ ഇന്റര്‍നെറ്റ് വേഗത്തിന് സാധിക്കും. ഇത് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും തത്സമയ കവറേജ് ഫലത്തില്‍ യാതൊരു വീഴ്ചയും കൂടാതെ എളുപ്പത്തില്‍ ലഭ്യമാക്കാനാകും.

1.02 പിബി ഡേറ്റ ഓരോ സെക്കന്‍ഡിലും 51.499 കിലോമീറ്ററിലധികം സഞ്ചരിക്കുന്നു. താമസിയാതെ ഓരോ സെക്കന്‍ഡിലും 127,500 ജിബി ഡേറ്റ വരെ അയയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ഈ സാങ്കേതികവിദ്യ ഉടനടി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. പിബി വേഗത്തില്‍ ഡേറ്റ കൈമാറാന്‍ ഞങ്ങള്‍ക്ക് ഒരു സാധാരണ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ മാത്രമാണ് ആവശ്യമുള്ളതെന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ലഭ്യമായതുമാണെന്നും ഗവേഷകര്‍ പറഞ്ഞു.

പെറ്റാബിറ്റ് ഇന്റര്‍നെറ്റ് ശേഷി ഹോം റൗട്ടറുകളില്‍ വരുന്നത് വൈകുമെങ്കിലും 10 ജിബിപിഎസ് വേഗം സമീപഭാവിയില്‍ തന്നെ യാഥാര്‍ഥ്യമായേക്കാം. 2022 ഫെബ്രുവരിയില്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുന്‍പ് 10 ജിബിപിഎസ് ഇന്റര്‍നെറ്റ് ഉപയോഗത്തിന് ലഭ്യമാകുമെന്ന് ഇന്നൊവേഷന്‍ ലാബ് അവകാശപ്പെട്ടിരുന്നു. ഒരു ടെസ്റ്റിനിടെ കോംകാസ്റ്റ് 10 ജിബിപിഎസ് വരെ വേഗം കൈവരിച്ചതായി കേബിള്‍ ലാബ്‌സ് ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നു.

Other News