ട്വിറ്റര്‍ യേശുക്രിസ്തുവിനും നല്‍കി ബ്ലൂ ടിക്ക് വെരിഫൈഡ് അക്കൗണ്ട്


NOVEMBER 11, 2022, 7:49 PM IST

ലോസ് ഏഞ്ചല്‍സ്: തുടങ്ങുമ്പോഴേ ഇലോണ്‍ മസ്‌കിനോട് പലരും താണുകേണു പറഞ്ഞതാണ്, ബ്ലൂ ടിക്കിന് പണം ഈടാക്കല്ലേന്ന്. ഒരു ദിവസം അസ്തമിച്ച് വെളുക്കുമ്പോഴേക്കും എല്ലാം ശരിയാക്കിക്കളയാമെന്ന് വിചാരിച്ച ഇലോണ്‍ മസ്‌കുണ്ടോ അതില്‍ നിന്നും മാറുന്നു. ബ്ലൂടിക്കിന് ബ്ലൂടിക്കും പണത്തിന് പണവുമെന്നതായിരുന്നു മസ്‌കിന്റെ തീരുമാനം.

മാസത്തില്‍ 7.99 ഡോളര്‍ കൊടുക്കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് കൊടുക്കുന്ന പരിപാടി വിശ്വാസ്യത തകര്‍ക്കുമെന്നും വ്യാജന്മാര്‍ കയറി വിലസുമെന്നും പറഞ്ഞിട്ടും ഇലോണ്‍ മസ്‌ക് കേട്ടില്ല. ആശാന്‍ സംഭവം തുടങ്ങി, പൈസ വാങ്ങി മേശയിലിട്ടു, പകരം ബ്ലൂ ടിക്ക് അടിച്ചു കൊടുത്തു. 

പറഞ്ഞു തീരുന്നതിന് മുമ്പേ അതാ വരുന്നു, ലോകത്തിലെ ഏറ്റവും വലിയ വ്യാജ അക്കൗണ്ട്! സാക്ഷാല്‍ യേശുക്രിസ്തുവിന് ട്വിറ്ററില്‍ അക്കൗണ്ട്, അതും ബ്ലൂ ടിക്കോടെ! ഇത് വ്യാജമല്ലെന്ന് ആരും വാദിക്കില്ലല്ലോ.

വിദഗ്ധരുടെ ആശങ്കകള്‍ ശരിയാണെന്ന് ബ്ലൂ ടിക്കിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ബോധ്യപ്പെട്ടു. യേശുക്രിസ്തുവിനായി സൃഷ്ടിച്ച ജീസസ് ക്രൈസ്റ്റ് എന്ന പ്രൊഫൈലിനാണ് ബ്ലൂ ടിക്ക് കൊടുത്തിരിക്കുന്നത്. ജീസസ് ക്രൈസ്റ്റിന് ബ്ലൂ ടിക്ക് കൊടുത്ത് വെറിഫൈഡ് അക്കൗണ്ട് ആക്കിയതോടെ ജീസസ് ട്വിറ്ററിന് നന്ദിയും പറഞ്ഞിട്ടുണ്ട്. 

പ്രൊഫൈല്‍ യേശുവിന്റെ പേരില്‍ വ്യാജമായുണ്ടാക്കിയതാണെങ്കിലും ഏഴ് ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് അക്കൗണ്ടിനുള്ളത്. 

ജീസസ് ക്രൈസ്റ്റ് മാത്രമല്ല ട്വിറ്റര്‍ വിലക്കിയ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരിലുള്ള നിരവധി വ്യാജ അക്കൗണ്ടുകള്‍ ബ്ലൂവെരിഫിക്കേഷന് രംഗത്തെത്തിയിട്ടുണ്ട്. ഗെയിമിംഗ് കഥാപാത്രമായ സൂപ്പര്‍ മാരിയോയുടെ അക്കൗണ്ടിനുമുണ്ട് ബ്ലൂ ടിക്ക്. എന്തിനധികം ഇലോണ്‍ മസ്‌കിന്റെ പേരില്‍ പോലും വ്യാജ അക്കൗണ്ടുകളുണ്ട് ട്വിറ്ററില്‍. 

തമാശ അവിടെയല്ല, വ്യാജ അക്കൗണ്ടുകളും ബോട്ടുകളുമാണ് ട്വിറ്ററിലെന്ന് ആരോപിച്ച് കുറേനാള്‍ ട്വിറ്ററിനെ വാങ്ങാതിരുന്നയാളാണ് ഇലോണ്‍ മസ്‌ക്. അതേ മസ്‌ക് സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് വ്യാജന്മാര്‍ ഔദ്യോഗികമായി തന്നെ ട്വിറ്ററില്‍ പ്രത്യേക്ഷപ്പെട്ടു തുടങ്ങിയത്. വിവാദം കൊടുമ്പിരി കൊണ്ടതോടെ ബ്ലൂ ടിക്കിന് പുറമേ വെരിഫൈഡ് പ്രൊഫൈലുകള്‍ക്ക് ഒഫീഷ്യല്‍ എന്ന അധിക ലേബല്‍ നല്‍കുന്നുണ്ട് ട്വിറ്ററിപ്പോള്‍. ആകെക്കൂടി നോക്കുമ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതുപോലത്തെ അവസ്ഥ. 

പക്ഷേ, ഇങ്ങനെയൊക്കെ സംഭവിച്ചാലും ഇലോണ്‍ മസ്‌കിന് യാതൊരു കുലുക്കവുമില്ല. 'ദയവായി ശ്രദ്ധിക്കുക, വരും മാസങ്ങളില്‍ ട്വിറ്റര്‍ ധാരാളം മണ്ടത്തരങ്ങള്‍ ചെയ്യും. അതില്‍ മികച്ചവ നിലനിര്‍ത്തുകയും ചെയ്യാത്തത് ഒഴിവാക്കുകയും ചെയ്യും.'- ഇങ്ങനെയൊരു ട്വീറ്റ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത് പോസ്റ്റ് ചെയ്തത് മറ്റാരുമല്ല, സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെ. ട്വിറ്ററില്‍ വരുന്ന മാറ്റങ്ങളെ ന്യായീകരിച്ചുള്ള പോസ്റ്റായിരുന്നു അത്.

Other News