ഓഗസ്റ്റ് മാസം 74 ലക്ഷത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളെ നിരോധിച്ച് വാട്സ്ആപ്പ്


OCTOBER 3, 2023, 4:19 PM IST

ന്യൂഡല്‍ഹി : ഓഗസ്റ്റ് മാസം 74 ലക്ഷത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളെ പ്ലാറ്റ്ഫോമില്‍ നിന്ന് നിരോധിച്ച് വാട്സ്ആപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ്, 2021 അനുസരിച്ച് അതിന്റെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ടില്‍, ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്നുള്ള പരാതികള്‍, അക്കൗണ്ട് ലംഘനങ്ങള്‍, പരാതി അപ്പീലില്‍ നിന്നുള്ള ഉത്തരവുകള്‍ എന്നിവയ്ക്ക് മറുപടിയായാണ് കമ്പനി സ്വീകരിച്ച നടപടികള്‍ പ്ലാറ്റ്ഫോം വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ഓഗസ്റ്റ് 1നും 31നും ഇടയില്‍ 7,420,748 ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചു. ഇതില്‍ തന്നെ മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഉപയോക്താക്കളുടെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തുനില്‍ക്കാതെ 3,506,905 ഇന്ത്യന്‍ അക്കൗണ്ടുകള്‍ മുന്‍കൂട്ടി നിരോധിച്ചു. നിയമങ്ങള്‍ ലംഘിക്കാന്‍ സാധ്യതയുള്ള അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞാണ് വാട്സ്ആപ്പ് ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിയമ ലംഘനങ്ങളെ മാത്രം ആശ്രയിക്കാതെ പ്ലാറ്റ്ഫോമിന്റെ സുരക്ഷയും സമഗ്രതയും ഉറപ്പാക്കാനാണ് ഈ നടപടി.

കൂടാതെ, പ്ലാറ്റ്ഫോമിന് 14,767 പരാതി റിപ്പോര്‍ട്ടുകളും ലഭിച്ചു. അതില്‍ നിന്ന് 17 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തു. ഉപയോക്തൃ പരാതികള്‍ പരിഗണിക്കുകയും പ്ലാറ്റ്ഫോമിലെ മോശം പെരുമാറ്റം തടയാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുന്ന വാട്ട്സ്ആപ്പ്, പ്ലാറ്റ്ഫോമിന്റെ ദുരുപയോഗവും സ്പാമും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

Other News