വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ കഴിയില്ല എന്ന ചൊല്ല് പ്രശസ്തമാണ്. ഏതാണ്ട് അതുപോലെ തന്നെയാണ് വാട്ട്‌സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങളും. അതിന്റെ ഉള്ളടക്കം എന്തായിരുന്നാലും പിന്നീട് അതേ സന്ദേശത്തില്‍ തന്നെ തിരുത്താന്‍ കഴിയില്ല. വേണമെങ്കില് ഡിലീറ്റ് ചെയ്യാമെന്നു മാത്രം. ഇപ്പോളിതാ അതിനും പരിഹാരമാകുന്നു. വാട്ട്‌സ്ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോവുകയാണെന്ന് വാട്ട്‌സാപ്പിന്റെയും ഫെയ്‌സ് ബുക്കിന്റെയുമൊക്കെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. സന്ദേശം അയച്ചു 15 മിനിറ്റിനുള്ളില്‍ അതില്‍ തിരുത്തലുകള്‍ വരുത്താന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ടെലിഗ്രാം, സിഗ്‌നല്‍ പോലുള്ള എതിരാളികള്‍ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുമായി വാട്ട്‌സ് ആപ്പിന്റെ ഈ വാഗ്ദാനം പൊരുത്തപ്പെടുന്നു.
ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥതയിലുള്ള യുഎസ് ടെക്നോളജി ഭീമനായ മെറ്റയുടെ ഭാഗമാണ് തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ സേവനമായ വാട്ട്‌സ് ആപ്പ്.
വാട്ട്സ്ആപ്പിന്റെ 2 ബില്യണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വരും ആഴ്ചകളില്‍ ലഭ്യമാകും. 487 ദശലക്ഷം ഉപയോക്താക്കളുള്ള ഇന്ത്യയാണ് വാട്ട്‌സ് ആപ്പിന്റെ ഏറ്റവും വലിയ വിപണിയായി കണക്കാക്കപ്പെടുന്നത്.
'അക്ഷരത്തെറ്റുകള്‍ തിരുത്തുന്നത് മുതല്‍ ഒരു സന്ദേശത്തിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് വരെ ഓരോ ഉപയോക്താവിന്റെയും ചാറ്റുകളില്‍ അവരവര്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സഹായിക്കുന്നതില്‍ കമ്പനിക്ക് സന്തോഷമുണ്ടെന്ന് വാട്ട്‌സ്ആപ്പ് അധികൃതര്‍ തിങ്കളാഴ്ച ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
'നിങ്ങള്‍ ചെയ്യേണ്ടത് അയച്ച സന്ദേശത്തില്‍ ദീര്‍ഘനേരം അമര്‍ത്തി മെനുവില്‍ നിന്ന് 'എഡിറ്റ്' തിരഞ്ഞെടുക്കുക എന്നതാണ്,' പതിനഞ്ച് മിനിറ്റ് വരെ ഈ സൗകര്യം ലഭിക്കും.
എഡിറ്റ് ചെയ്ത സന്ദേശങ്ങള്‍ 'എഡിറ്റഡ്' എന്ന് ടാഗ് ചെയ്യപ്പെടും, അതിനാല്‍ ഉള്ളടക്കം മാറ്റിയതായി സ്വീകര്‍ത്താക്കള്‍ക്ക് അറിയാം.
മെസേജിംഗ് സേവനങ്ങളായ ടെലിഗ്രാമും സിഗ്‌നലും ഈ ഫീച്ചര്‍ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് വാട്സ്ആപ്പിന്റെ പ്രഖ്യാപനം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ഒരു ദശാബ്ദത്തിന് മുമ്പുതന്നെ എഡിറ്റ് ഫംഗ്ഷന്‍ അവതരിപ്പിച്ചിരുന്നു.
അക്കാലത്ത്, അതിന്റെ പകുതിയിലധികം ഉപയോക്താക്കളും ടൈപ്പിംഗ് പിശകുകള്‍ക്ക് സാധ്യതയുള്ള മൊബൈല്‍ ഫോണുകളില്‍ സൈറ്റ് ആക്‌സസ് ചെയ്തതായി ഫേസ്ബുക്ക് വെളിപ്പെടുത്തി.
ഫേസ്ബുക്കില്‍, പരിഷ്‌കരിച്ച അപ്‌ഡേറ്റുകള്‍ എഡിറ്റ് ചെയ്തതായി അടയാളപ്പെടുത്തുന്നു. എഡിറ്റുകളുടെ ചരിത്രവും ഉപയോക്താക്കള്‍ക്ക് കാണാം.
കഴിഞ്ഞ വര്‍ഷം, എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ പണമടയ്ക്കുന്ന വരിക്കാര്‍ക്ക് അവരുടെ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ് നല്‍കുന്നുവെന്ന് പറഞ്ഞിരുന്നു.
പോസ്റ്റ് ചെയ്ത 30 മിനിറ്റിനുള്ളില്‍ ട്വീറ്റുകള്‍ കുറച്ച് തവണ എഡിറ്റ് ചെയ്യാനാകും.
''ട്വീറ്റിംഗ് കൂടുതല്‍ സ്വീകാര്യതയുള്ളതും സമ്മര്‍ദ്ദം കുറയ്ക്കുന്നതുമായി തോന്നുന്നതാണ് പുതിയ ഫീച്ചര്‍,'' എന്ന് ട്വിറ്റര്‍ അക്കാലത്ത് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
'അര്‍ത്ഥവത്തായ രീതിയില്‍ സംഭാഷണത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയണം, അത് അനായാസമായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും,' പ്ലാറ്റ്‌ഫോം കൂട്ടിച്ചേര്‍ത്തു.