വാട്‌സാപ്പുകള്‍ നിലക്കും; ഈ ഫോണുകളില്‍


OCTOBER 15, 2023, 8:38 PM IST

ന്യൂയോര്‍ക്ക്: ചില സ്മാര്‍ട്ട് ഫോണുകളില്‍ ഒക്ടോബര്‍ 24 മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്‌സാപ്പ് ലഭിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്. 

പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്‌സാപ്പ് തീരുമാനിച്ചത്. പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണെന്നതിനാലും മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി ലഭ്യമാവാത്തതിനാലുമാണ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചു. 

മുന്‍വര്‍ഷങ്ങളിലും ചില ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് ഒഴിവാക്കിയിരുന്നു. ആന്‍ഡ്രോയ്ഡ് പതിപ്പ് 4.1 മുതല്‍ താഴേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സാപ് ഉപയോഗിക്കാന്‍ കഴിയില്ല. ഐഫോണ്‍ 5, 5സി മുതല്‍ താഴോട്ടുള്ള ഐഫോണുകളിലും വാട്‌സ്ആപ് പ്രവര്‍ത്തനരഹിതമാകും. സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോണ്‍ ഉടമകള്‍ക്കെല്ലാം വാട്‌സ് ആപ് നല്‍കിയേക്കും. 

സാംസങ് ഗ്യാലക്‌സി എസ്2, നെക്‌സസ് 7, ഐഫോണ്‍ 5, ഐ ഫോണ്‍ 5സി, ആര്‍ക്കോസ് 53 പ്ലാറ്റിനം, ഗ്രാന്റഅ എസ് ഫ്‌ളക്‌സ് ഇസെഡ്ടിഇ, ഗ്രാന്റ് എക്‌സ് ക്വാഡ് വി987 ഇസഡ്ടിഇ, എച്ച് ടി സി ഡിസൈര്‍ 500, ഹുവാവി ആസെന്റ് ഡി, ഹുവാവി ആസെന്റ് ഡി1, എച്ച് ടി സി വണ്‍, സോണി എക്‌സ്പീരിയ ഇസെഡ്, എല്‍ ജി ഓപ്റ്റിമസ് ജി പ്രോ, സാംസങ് ഗ്യാലക്‌സി നെക്‌സസ്, എച്ച് ടി സി, സെന്‍സേഷന്‍, മോട്ടറോള ഡ്രോയിഡ് റസര്‍, സോണി എക്‌സ്പീരിയ എസ്2, മോട്ടോറോള ക്‌സൂം, സാംസങ് ഗ്യാലക്‌സി ടാബ് 10.1, അസസ് ഈ പാഡ് ട്രാന്‍സ്‌ഫോര്‍മര്‍, എയ്‌സര്‍ ഐക്കോണിയ ടാബ് എ5003, സാംസങ് ഗ്യാലക്‌സി എസ്, എച്ച് ടി സി ഡിസൈര്‍ എച്ച് ഡി, എല്‍ ജി ഓപ്ടിമസ്് 2 എക്‌സ്, സോണി എറിക്‌സണ്‍ എക്‌സ്പീരിയ എ ആര്‍ സി3 എന്നീ ഫോണുകളിലാണ് വാട്‌സ്ആപ് നിലക്കുക.

Other News