വിന്‍ഡോസ് 12ല്‍ വേര്‍ഡ്പാഡ് ഉണ്ടാകില്ല; മൂന്ന് പതിറ്റാണ്ടിനു ശേഷം വിട


SEPTEMBER 6, 2023, 9:05 PM IST

വാഷിംഗ്ടണ്‍: വിന്‍ഡോസ് 12ല്‍ വേര്‍ഡ്പാഡ് ഉണ്ടാകില്ല. കഴിഞ്ഞ മുപ്പത് വര്‍ഷമായി മൈക്രോസോഫ്റ്റ് ഓഫിസ് സൗജന്യമായി നല്‍കിയിരുന്ന സേവനമാണ് വേര്‍ഡ് പാഡിനെ ഒഴിവാക്കുന്നതിലൂടെ ഇല്ലാതാക്കുന്നത്. 

ഒരു കാലത്ത് കംപ്യൂട്ടര്‍ ഉപയോക്താക്കളെ ഏറെ സഹായിച്ച വേര്‍ഡ് പ്രോസസിങ് സോഫ്റ്റ്വെയറായിരുന്നു വേര്‍ഡ് പാഡ്. എംഎസ് വേര്‍ഡ് വന്നതോടെ ആവശ്യക്കാര്‍ കുറഞ്ഞെങ്കിലും നിരവധി കാര്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പലരും സ്വീകരിച്ചിരുന്നത് വേര്‍ഡ് പാഡിനെയായിരുന്നു. എഴുത്തും എഡിറ്റിങുമായി ബന്ധപ്പെട്ട ജോലികളെല്ലാം എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ വേര്‍ഡ് പാഡ് വളരെയധികം സഹായിച്ചിരുന്നു. 

വേര്‍ഡ് പാഡിനെ ഒഴിവാക്കുന്നതിന് കാരണമെന്താണെന്ന് മൈക്രോസോഫ്റ്റ് കൃത്യമായി വിശദീകരിച്ചിട്ടില്ല. കുറച്ചു കാലമായി വേര്‍ഡ് പാഡിന് അപ്‌ഡേറ്റുകള്‍ നല്‍കിയിരുന്നില്ല. ഏറ്റവും അവസാനമായി 10 വര്‍ഷത്തിലേറെ മുമ്പ് വിന്‍ഡോസ് 8ല്‍ രൂപകല്‍പ്പനയില്‍ ചെറിയ ഒരു മാറ്റം മാത്രമാണ് നല്‍കിയിരുന്നത്. 

ഡോക്, ആര്‍ ടി എഫ് ടെക്സ്റ്റ് ഡോക്യുമെന്റുകള്‍ക്ക് മൈക്രോസോഫ്റ്റ് വേര്‍ഡും ടിഎക്‌സ്ടി പ്ലെയിന്‍ ടെക്സ്റ്റ് ഡോക്യുമെന്റുകള്‍ക്ക് വിന്‍ഡോസ് നോട്ട്പാഡും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാമെന്നും കമ്പനി ശുപാര്‍ശ ചെയ്യുന്നു.

Other News