ബംഗളൂരു: ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ ഉത്പാദനവും വിപണി വ്യാപ്തിയും വര്‍ധിപ്പിക്കുന്നതിനിടെ ആപ്പിളിന്റെ പ്രധാന നിര്‍മാതാക്കളും വിതരണക്കാരുമായിരുന്ന വിസ്ട്രോണ്‍ രാജ്യത്തെ ബിസിനസ് അവസാനിപ്പിക്കുന്നു. വിസ്‌ട്രോണിന്റെ ബെംഗളൂരു പ്ലാന്റ് ടാറ്റ ഗ്രൂപ്പിന് കൈമാറുന്നു.
ടാറ്റയും വിസ്‌ട്രോണുമായി ഈ ഇടപാടില്‍ ചര്‍ച്ചകള്‍ നടന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ച ആപ്പിള്‍ നിര്‍മാതാക്കളായ വിസ്‌ട്രോണിന് ഇന്ത്യയില്‍ ആഴത്തില്‍ വിതരണ ശൃംഖലയില്ലാതിരുന്നതാണ് വിനയായത്.
ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം മൂന്നിരട്ടി വര്‍ധിപ്പിച്ചതായും വിസ്ട്രോണിന്റെ എതിരാളികളായ ഫോക്സ്‌കോണും സാല്‍കോമ്പും ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ നിക്ഷേപം നടത്തിയതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സമയത്താണ് വിസ്‌ട്രോണ്‍ പുറത്തേക്ക് പോകുന്നത്.
2020-ല്‍ ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാതിരുന്നതും കാലതാമസം നേരിട്ടതും അക്രമത്തിലേക്ക് നയിച്ചിരുന്നു. ഇതേതുടര്‍ന്ന് വിസ്ട്രോണ്‍ ബെംഗളൂരു യൂണിറ്റില്‍ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചതായി വിസ്‌ട്രോണ്‍ സമ്മതിച്ചതോടെയാണ് ആപ്പിളില്‍ നിന്നുള്ള പുതിയ കരാറുകള്‍ കമ്പനിക്ക് നഷ്ടമായത്.
തങ്ങളുടെ പ്രധാന ലക്ഷ്യം എല്ലാ തൊഴിലാളികളോടും മാന്യതയോടും ബഹുമാനത്തോടും കൂടി പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ഉടനടി പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നുവെന്നതാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
മറുവശത്ത്, സി ഇ ഒ ടിം കുക്ക് കുറച്ചുകാലമായി ഇന്ത്യന്‍ വിപണിയെ വളരെ പ്രത്യേകമായി കാണുകയും തനിക്ക് കൂടുതല്‍ താത്പര്യമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്തിടെ അദ്ദേഹം ഇന്ത്യയില്‍ രണ്ട് ആപ്പിള്‍ സ്റ്റോറുകള്‍ ആരംഭിക്കുകയും രാജ്യത്തെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വാസ്തവത്തില്‍, 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭവുമായി യോജിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ടെക് ഭീമനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വിസ്ട്രോണിന്റെ രണ്ട് എതിരാളികളായ സാല്‍കോമ്പും ഫോക്സ്‌കോണും മറുവശത്ത് ആപ്പിളിന്റെ ഇന്ത്യന്‍ ആവാസവ്യവസ്ഥയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. തെലങ്കാനയിലെ കൊങ്കാര്‍ കാലാനില്‍ ഒരു നിര്‍മ്മാണ കേന്ദ്രം നിര്‍മ്മിക്കാന്‍ ഫോക്സ്‌കോണ്‍ ഏകദേശം 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പോകുന്നുവെന്ന് അടുത്തിടെ തെലങ്കാനയുടെ ഐ ടി മന്ത്രി കെ ടി രാമറാവു ട്വിറ്ററില്‍ കുറിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍, സാല്‍കോംപ് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ 2026ഓടെ ഇന്ത്യന്‍ തൊഴിലാളികളെ 25,000 ആയി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.