ഹെയ്തിയില്‍ 17 യു.എസ് കനേഡിയന്‍ ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടുപോയി


OCTOBER 18, 2021, 7:01 AM IST

പോര്‍ട്ട് ഒ പ്രിന്‍സ് : കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ 17 യു.എസ് കനേഡിയന്‍ ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബങ്ങളെയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ 16 പേര്‍ യുഎസ് പൗരന്മാരും ഒരാള്‍ കാനഡക്കാരനുമാണ്. അഞ്ചുപുരുഷന്മാരും ഏഴു സ്ത്രീകളും അഞ്ചുകുട്ടികളുമാണ് സംഘത്തിന്റെ പിടിയിലുള്ളത്.

ഹെയ്തിയുടെ തലസ്ഥാന നഗരമായ പോര്‍ട്ട് ഒ പ്രിന്‍സിലെ അനാഥാലയം സന്ദര്‍ശിച്ച സംഘം സഞ്ചരിച്ച ബസില്‍ കടന്നുകയറിയ അക്രമി സംഘം കുട്ടികളുള്‍പ്പടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. ഹെയ്തി അധികൃതര്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി.

തട്ടിക്കൊണ്ടു പോയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മുന്‍ പ്രസിഡന്റ് ജോവനല്‍ മോയിസിന്റെ വധത്തെത്തുടര്‍ന്ന് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ഹെയ്തിയില്‍ ആഗസ്റ്റിലുണ്ടായ ഭൂകമ്പത്തില്‍ 2000 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Other News