ന്യൂയോര്‍ക്ക്: വന്‍കിട ടെക് കമ്പനികള്‍ ജനുവരിയില്‍ മാത്രം 68000 ജീവനക്കാരെ പിരിച്ചുവിട്ടതായി കണക്ക്. പ്രതിദിനം ശരാശരി രണ്ടായിരത്തിലേറെ പേരെയാണ് ആഗോളതലത്തില്‍ കമ്പനികള്‍പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോള്‍ ടെക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദ്ദമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ പ്രശസ്തമായ 219 ടെക് കമ്പനികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണ് 68,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന രേഖകള്‍ പുറത്തുവന്നത്. ട്രാക്കിംഗ് വെബ്‌സൈറ്റായ www.layoffs.fyi ആണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്.
2022ല്‍ ആയിരത്തിലേറെ കമ്പനികള്‍ 154,336 തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് വെബ്സൈറ്റ് പറയുന്നത്. ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്നാണ് വിലയിരുത്തല്‍. പിരിച്ചുവിടല്‍ മാത്രമല്ല, പല ടെക് കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മാസശമ്പളം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഗൂഗിളിന്റെ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റ് താത്ക്കാലികമായി നിര്‍ത്തുമെന്നതിനാല്‍ തൊഴിലുടമ സ്പോണ്‍സര്‍ ചെയ്യുന്ന ഗ്രീന്‍ കാര്‍ഡ് നേടുന്നതിനുളള അവസരവും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് നഷ്ടമാകുന്നുണ്ട്. ലിങ്ക്ഡ്ഇന്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവ തൊഴിലില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് മാനസിക പിന്തുണയും പുതിയ അവസരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും സജീവമായി പങ്കുവയ്ക്കുന്നുണ്ട്.