തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്ത 79കാരിക്ക് അമേരിക്കയില്‍ ജയിൽശിക്ഷ 


AUGUST 1, 2019, 11:59 PM IST

ഒഹായോ: തെരുവില്‍ അലഞ്ഞു നടന്ന പൂച്ചക്കുട്ടികള്‍ക്ക് സ്നേഹപൂർവ്വം ആഹാരം നല്‍കുമ്പോള്‍ 79കാരി നാൻസി  സെഗുല അറിഞ്ഞില്ല,അത്  ഇത്രയും വലിയ ശിക്ഷയിലേക്കെത്തിക്കുമെന്ന്. 2017 ല്‍ ഭര്‍ത്താവ് മരിച്ചതോടെ ഏകാന്തയായി കഴിഞ്ഞിരുന്ന നാൻസി അയല്‍ക്കാരും മറ്റും ഉപേക്ഷിച്ചുപോയ പൂച്ചക്കുട്ടികളെ എടുത്ത് പാലൂട്ടി വളര്‍ത്തുകയായിരുന്നു.വലിയൊരു പരിധിവരെ ഒറ്റപ്പെടൽ മാറ്റാനും സന്തോഷവതിയായിരിക്കാനും പൂച്ചകളുടെ കൂട്ട് അവരെ സഹായിച്ചു. 

എന്നാല്‍ അമേരിക്കയിലെ ഒഹായോയിൽ ഗാർഫീൽഡ് ഹെയ്റ്റ്സ് മുനിസിപ്പൽ മജിസ്ട്രേറ്റ് ഇത് കുറ്റകരമായ നടപടിയായി കണ്ടെത്തുകയും നാൻസിക്ക് ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു. 10 ദിവസത്തെ ജയില്‍വാസമാണ് നാൻസിക്ക് ശിക്ഷ.പക്ഷെ ചൊവ്വാഴ്‌ച വിധിയിൽ പുനഃപരിശോധന നടത്താൻ കോടതി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.എങ്കിലും ശിക്ഷ ഒഴിവാകുമോ എന്ന് ഉറപ്പിക്കാനാകില്ല.

അമേരിക്കയിൽ മറ്റിടങ്ങളില്ലാത്ത ഒരു നിയമമാണ് ഗാർഫീൽഡ് ഹെയ്റ്റ്‌സിൽ.അതായത് തെരുവ് നായ്ക്കളെയും പൂച്ചകളെയും പരിചരിക്കുന്നത് നിയമവിരുദ്ധമാണിവിടെ.ആ സാഹചര്യത്തിൽ അയൽക്കാർ തന്നെ നാൻസിയുടെ പൂച്ചപ്രേമത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

എട്ട് പൂച്ചകള്‍ വരെയുണ്ടായിരുന്നു നാൻസി സെഗുലയുടെ പരിചരണത്തിൽ.കൂടാതെ കുറേ പൂച്ചക്കുഞ്ഞുങ്ങളും.. '' എനിക്ക് പൂച്ചക്കുട്ടികളുണ്ടായിരുന്നു. അവര്‍ ചത്തുപോയി. എന്‍റെ ഭര്‍ത്താവും മരിച്ചു. ഞാന്‍ ഒറ്റക്കാണ്. പുറത്ത് ഈ പൂച്ചകളും കുട്ടികളുമായിരുന്നു എന്‍റെ ആശ്വാസം'' -  ഒരു  അഭിമുഖത്തില്‍ അവർ പറഞ്ഞു. 

Other News