ഇംപീച്ച്‌മെന്റ് നടപടിയുമായി സഹകരിക്കില്ലെന്ന് ട്രമ്പ്


OCTOBER 9, 2019, 6:53 PM IST

വാഷിങ്ടണ്‍: തനിക്കെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് അദ്ദേഹത്തിന്റെ അറ്റോര്‍ണികള്‍ ഹൗസ് ഓഫ് ഡെമോക്രാറ്റ്‌സിന് അയച്ചു. തനിക്കെതിരായ അന്വേഷണം നിയമസാധുത ഇല്ലാത്തതും നീതിക്ക് നിരക്കാത്തതുമാണെന്ന് പ്രസിഡന്റ് കത്തില്‍ ആരോപിക്കുന്നു.ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോബൈഡനെതിരെ കേസെടുക്കണമെന്ന് ട്രമ്പ് യുക്രാനിയന്‍ പ്രധാനമന്ത്രിയായ വോള്‍ഡിമര്‍ സെലിന്‍സ്‌ക്കിയെ ധരിപ്പിച്ചുവെന്ന് കരുതുന്ന ഫോണ്‍സംഭാഷണമാണ് ഇപ്പോള്‍ അന്വേഷണത്തിന് വിധേമാകുന്നത്. ട്രമ്പും സെലിന്‍സ്‌ക്കിയും തമ്മിലുള്ള ഫോണ്‍സംഭാഷണം ഒരു സിഐഐ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഡെമോക്രാറ്റുകള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ട്രമ്പ് നിഷേധിക്കുകയാണ്. മാത്രമല്ല പ്രതിപക്ഷം അനാവശ്യമായി തന്നെ വേട്ടയാടുന്നു എന്നതാണ് അദ്ദേഹത്തിന്റെ പരാതി.

പ്രസിഡന്റ് ട്രമ്പിനെ ഇംപീച്ച്‌മെന്റിന്റെ കരിനിഴലിലെത്തിച്ച യുക്രൈന്‍ ബന്ധം പുറത്തുവിട്ടയാള്‍ ഒരു സിഐഎ ഉദ്യോഗസ്ഥനാണെന്ന് ഈയിടെയാണ് സ്ഥിരീകരിക്കപ്പെട്ടത്.മാത്രമല്ല ഇയാളെ ഒരുവേള വൈറ്റ്ഹൗസില്‍ നിയമിക്കാനൊരുങ്ങിയതായും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വിശദമാക്കി. റോയിട്ടേഴ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെതിരെ അന്വേഷണത്തിന് യുക്രൈനെ ട്രമ്പ് നിര്‍ബന്ധിക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് ഇയാള്‍  പുറത്തുവിട്ടത്.ഇംപീച്ച്‌മെന്റ് നടപടികളില്‍ ഇയാളുടെ മൊഴി നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.യുക്രൈനില്‍ ബിസിനസ് താല്‍പര്യങ്ങളുള്ള ജോ ബൈഡനേയും മകനേയും കുടുക്കുന്നതിന് കേസ് കെട്ടിച്ചമക്കാന്‍ ട്രമ്പ് അവിടുത്തെ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലന്‍സ്‌ക്കിയെ നിര്‍ബന്ധിക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഒബാമ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന ജോബൈഡന്‍ 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയാകും എന്നാണ് കരുതപ്പെടുന്നത്.

Other News