യു എസ്, യു കെ റൂട്ടുകളിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ


SEPTEMBER 30, 2022, 3:50 PM IST

മുംബൈ: ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ബര്‍മിംഗ്ഹാം, ലണ്ടന്‍, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 20 അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ ആഴ്ചയില്‍ 34ല്‍ നിന്ന് 40 ആയി ഉയരും.

എയര്‍ ഇന്ത്യയുടെ മുംബൈ- സാന്‍ഫ്രാന്‍സിസ്‌കോ സര്‍വീസുകള്‍ ആഴ്ചയില്‍ മൂന്നു തവണ നടത്തുകയും ആഴ്ചയില്‍ മൂന്ന് തവണ ബെംഗളൂരു ഓപ്പറേഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്യും. ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് നോണ്‍-സ്റ്റോപ്പ് സര്‍വീസ് സഹിതം ആഴ്ചയില്‍ 10 മുതല്‍ 16 വരെ എയര്‍ ഇന്ത്യയുടെ സാന്‍ ഫ്രാന്‍സിസ്‌കോ സര്‍വീസുകളുണ്ടാകും. 

വിഹാന്‍ എ ഐ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന് കീഴില്‍ എയര്‍ ഇന്ത്യ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാല്‍ പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും ആവൃത്തി കൂട്ടുന്നതിനും ശ്രമമുണ്ടെന്നും യു എസിലേക്കും യു കെയിലേക്കും സര്‍വീസ് വര്‍ധിപ്പിക്കുന്നത് കൂടാതെ എയര്‍ക്രാഫ്റ്റ് ക്യാബിന്‍ ഇന്റീരിയറുകള്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്ത് 10 മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇത് തങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യത്തിന്റെ വ്യക്തമായ സൂചനയാണെന്നും കൂടുതല്‍ വലിയ അഭിലാഷത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്നും എയര്‍ ഇന്ത്യ സി ഇ ഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

യു എസിലെയും യു കെയിലേക്കുമുള്ള സര്‍വീസുകള്‍ ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ഘട്ടംഘട്ടമായാണ് വര്‍ധിപ്പിക്കുക. 

ബര്‍മിംഗ്ഹാമിലേക്ക് ആഴ്ചയില്‍ അഞ്ച് അധിക ഫ്‌ളൈറ്റുകള്‍, ലണ്ടനിലേക്ക് ഒന്‍പത് അധിക ഫ്‌ളൈറ്റുകള്‍, സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് ആഴ്ചയില്‍ ആറ് അധിക ഫ്‌ളൈറ്റുകള്‍ എന്നിവ ഉപയോഗിച്ച് എയര്‍ ഇന്ത്യയ്ക്ക് ഓരോ ആഴ്ചയും അയ്യായിരം അധിക സീറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നും കാംബെല്‍ വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

യു കെയിലേക്കുള്ള എയര്‍ ഇന്ത്യയുടെ നിലവിലെ ഷെഡ്യൂള്‍ 34 ഫ്ളൈറ്റുകള്‍ എന്നത് 48 ഫ്‌ളൈറ്റുകളായി ഉയരും.

ബര്‍മിംഗ്ഹാമിന് ആഴ്ചയില്‍ അഞ്ച് അധിക വിമാനങ്ങളും ഡല്‍ഹിയില്‍ നിന്ന് മൂന്ന് വിമാനങ്ങളും അമൃത്സറില്‍ നിന്ന് രണ്ട് അധിക വിമാനങ്ങളും ലഭിക്കും.

ലണ്ടനിലേക്ക് ആഴ്ചയില്‍ ഒമ്പത് അധിക വിമാനങ്ങളുണ്ടാകും. അതില്‍ അഞ്ച് മുംബൈയില്‍ നിന്നും മൂന്ന് ഡല്‍ഹിയില്‍ നിന്നും ഒന്ന് അഹമ്മദാബാദില്‍ നിന്നുമാണെന്നും അധികൃതര്‍ അറിയിച്ചു.

Other News