അലാസ്‌കന്‍ നഗരം ഉത്ക്വിയാഗ്വിക് 66 ദിവസത്തേക്ക് ഇരുട്ടിലേക്ക്


NOVEMBER 21, 2020, 5:42 AM IST

അലാസ്‌ക: അലാസ്‌കന്‍ നഗരമായ ഉത്കിയാഗ്വിക്കിലെ ജനങ്ങള്‍ക്ക് ഇനി രണ്ടു മാസത്തേക്ക് പകല്‍ വെളിച്ചമുണ്ടാകില്ല. പ്രതിവര്‍ഷ ഇരുണ്ട കാലത്തിന് വ്യാഴാഴ്ച തുടക്കമായി. 

ആര്‍ട്ടിക്ക് വൃത്തത്തില്‍ നിന്നും 515 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഉത്കിയാഗ്വിക് എല്ലാ വര്‍ഷവും 66 ദിവസം ഇരുട്ടില്‍ മുങ്ങുന്നതിന് പ്രധാന കാരണം ഭൂമിയുടെ അച്ചുതണ്ടിലെ ചെരിവിന്റെ പ്രത്യേകത കാരണമുള്ള പ്രതിഭാസമാണ്. ശൈത്യകാലത്താണ് ഉത്ക്വിയാഗ്വിക് ഇരുളിലേക്കാഴുക. 

നേരത്തെ ബാരോ എന്നറിയപ്പെട്ടിരുന്ന പട്ടണം മറ്റു നിരവധി അലാസ്‌കന്‍ പട്ടണങ്ങള്‍ക്കൊപ്പം ധ്രുവരാത്രി അനുഭവിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിലേക്ക് പ്രവേശിക്കുന്ന ആദ്യനഗരമാണ്. 

സൂര്യോദയത്തിന് തൊട്ടുമുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ ഉള്ള ആകാശം പോലെയായിരിക്കും പകല്‍ നേരങ്ങളില്‍ ഉത്കിയാഗ്വികിന്റെ അവസ്ഥയെന്ന് സി എന്‍ എന്‍ കാലാവസ്ഥാ നിരീക്ഷകന്‍ ആലിസണ്‍ ചിന്‍ചാര്‍ പറഞ്ഞു. ഇനി ജനുവരി 22നാണ് സൂര്യന്‍ ഇവിടെ പതിവ് രീതികളിലേക്ക് വരിക. 

ഇതേ രീതിയില്‍ മെയ് മാസത്തില്‍ രണ്ടു മാസത്തേക്ക് സൂര്യന്‍ അസ്തമിക്കാത്ത അവസ്ഥയും ഉത്ക്വിയാഗ്വിക്കിലുണ്ടാകും. അര്‍ധരാത്രി സൂര്യനെന്നും ഇതിനെ വിളിക്കാറുണ്ട്.

Other News