ട്രമ്പ് അനുമതിയില്ലാതെ ചുംബിച്ചുവെന്നാരോപിച്ച അല്‍വ ജോണ്‍സണ്‍ കേസില്‍ നിന്നും പിന്മാറി


SEPTEMBER 6, 2019, 6:54 PM IST

വാഷിങ്ടണ്‍: പ്രസിഡന്റ് ട്രമ്പ് അനുമതിയില്ലാതെ തന്നെ ചുംബിച്ചെന്ന പാരാതിയുമായി കോടതിയെ സമീപിച്ച അല്‍വ ജോണ്‍സണ്‍ കേസില്‍ നിന്നും പിന്മാറി. ഫെഡറല്‍ കോടതി അല്‍വജോണ്‍സണിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന കാരണം പറഞ്ഞ് തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ കേസില്‍ നിന്നും പിന്മാറിയത്.  ട്രമ്പ് ബലമായി ഉപദ്രവിച്ചു എന്നാണ് പരാതിയെങ്കില്‍ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ ഇനി കേസുതുടരാന്‍ താല്‍പര്യമില്ലെന്ന് അല്‍വ ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു.

ട്രമ്പ് അളവില്ലാത്ത സമ്പത്തും സ്വാധീനവുമുള്ളയാളാണെന്നും അദ്ദേഹം ശിക്ഷിക്കപ്പെടുമെന്ന്‌
കരുതുന്നില്ലെന്നും അല്‍വ ജോണ്‍സണ്‍ പിന്നീട് പ്രതികരിച്ചു. നേരത്തെ ട്രമ്പ് അല്‍വ ജോണ്‍സണെ കെട്ടിപിടിക്കുന്ന വീഡിയോ ട്രമ്പിന്റെ അഭിഭാഷകന്‍ കോടതിയെ കാണിച്ചിരുന്നു.  സംഭവം ബലാത്സക്കാരമായിരുന്നില്ലെന്ന്‌  അദ്ദേഹം വാദിക്കുകയും ചെയ്തു. കോടതി പിന്നീട് ഇത് ശരിവച്ചു.

ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ട്രമ്പ് അദ്ദേഹത്തിന്റെ പ്രചാരണാംഗമായിരുന്ന തന്നെ ബലമായി ചുംബിച്ചു എന്നാണ് അല്‍വ ജോണ്‍സണിന്റെ ആരോപണം. താന്‍ ഒഴിഞ്ഞുമാറിയെങ്കിലും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ തന്റെ ചുണ്ടില്‍ സ്പര്‍ശിച്ചെന്നും ഇത് തനിക്ക് അപമാനമായിയെന്നും അവര്‍ പറഞ്ഞു.