ആമസോണ്‍ സി.ഇ.ഒ യുടെ കോണ്‍ഫറന്‍സ്  സ്റ്റേജില്‍ കയറി ഇന്ത്യന്‍ വംശജ തടസപ്പെടുത്തി


JUNE 8, 2019, 1:29 AM IST

ബെര്‍ക്കിലി (കാലിഫോര്‍ണിയ): ചൊവ്വാ ദൗത്യം സംബന്ധിച്ച് ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഇതാദ്യമായി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തിനിടെ സ്റ്റേജിലേക്ക് ഇടിച്ചു കയറി ഇന്ത്യന്‍ വംശജയായ പ്രിയ സാഹ്‌നി പ്രോഗ്രാം തടസപ്പെടുത്തി. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സംഘടനയിലെ അംഗമാണ് സാഹ്‌നി.

'നിങ്ങള്‍ ലോകത്തിലെ ഏറ്റവും സമ്പന്നനാണ്. നിങ്ങള്‍ ആമസോണിന്റെ പ്രസിഡന്റാണ്. നിങ്ങള്‍ക്ക് മൃഗസംരക്ഷണ കാര്യത്തില്‍ പല സഹായങ്ങളും ചെയ്യാനാകും' എന്നു വിളിച്ചു പറഞ്ഞ സാഹ്‌നി ആമസോണിന്റെ ചിക്കന്‍ ഫാമുകള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും, അവിടെ മൃഗങ്ങളോട് പുലര്‍ത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സാഹ്‌നിയുടെ നീക്കം അപ്രതീക്ഷിതമായതു കൊണ്ട് സദസ് ഒരു നിമിഷം നിശ്ചലമായി. ഉടന്‍ തന്നെ രംഗത്തു വന്ന സുരക്ഷാ ഗാര്‍ഡുകള്‍ സാഹ്‌നിയെ അവിടെ നിന്ന് നീക്കം ചെയ്തു. 

സാന്‍ഫ്രാന്‍സിസ്‌കോയിലെ ബേ ഏരിയായില്‍ 2013 ല്‍ മൃഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നതിന് തുടക്കമിട്ട ഡയറക്ട് ആക്ഷന്‍ എവരിവെയര്‍ (ഡി.എക്‌സ്.ഇ) എന്ന സംഘടനയിലെ അംഗമാണ് സാഹ്‌നി. ആമസോണിന് സ്വന്തമായി ചിക്കന്‍ ഫാമുകള്‍ ഇല്ലെങ്കിലും വിതരണക്കാരില്‍ നിന്ന് കമ്പനി കോഴിയിറച്ചി വാങ്ങുന്നുണ്ട്.