ഗര്‍ഭിണികള്‍ക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കണമെന്ന് ബിഷപ്പുമാര്‍


JUNE 27, 2022, 8:56 AM IST

വാഷിങ്ടണ്‍: രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് നിയമസാധുത നല്‍കിയ 1973-ലെ റോ വേഴ്സസ് വേഡ് കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് അമേരിക്കയിലെ ബിഷപ്പുമാര്‍. ഗര്‍ഭച്ഛിദ്രത്തിലൂടെ നിരപരാധികളായ കുരുന്നുജീവനുകളെ നശിപ്പിക്കുന്നത് തടയുന്ന വിധിയെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ബിഷപ്പുമാരും പ്രോ-ലൈഫ് സംഘടനകളും സ്വീകരിച്ചത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന ദിവസമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സിന്റെ പ്രസ്താവനയില്‍ പറയുന്നു.

യു.എസ്.സി.സി.ബി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ്, പ്രോ-ലൈഫ് കമ്മിറ്റി ചെയര്‍മാനായ ആര്‍ച്ച് ബിഷപ്പ് വില്യം ലോറി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.  വിധിയെ സ്വാഗതം ചെയ്ത ബിഷപ്പുമാര്‍ നമ്മില്‍ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങളും നയങ്ങളും നടപ്പാക്കാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  അന്‍പത് വര്‍ഷത്തോളം, മറ്റൊരു വ്യക്തി ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കാന്‍ ചിലരെ അനുവദിച്ചിരുന്ന അന്യായമായ നിയമം അമേരിക്ക നടപ്പാക്കിയിരുന്നു. ഈ നിയമം മൂലം ദശലക്ഷക്കണക്കിന് ഗര്‍ഭിണികള്‍ മരണത്തിനു കീഴടങ്ങുകയും തലമുറകള്‍ക്ക് ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയും ചെയ്തു.

1973ലെ റോ വേഴ്സസ് വേഡ് വിധിക്കു ശേഷം ജീവന്‍ അപഹരിക്കപ്പെട്ട കുഞ്ഞുങ്ങളുടെ നഷ്ടത്തില്‍ ബിഷപ്പുമാര്‍ ദുഃഖം രേഖപ്പെടുത്തി. അതേസമയം, ഗര്‍ഭച്ഛിദ്രം മൂലം വേദനയനുഭവിക്കുന്ന സ്ത്രീകളോട് അനുകമ്പാപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നും രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുമെന്നും ബിഷപ്പുമാര്‍ വാഗ്ദാനം ചെയ്തു. ഒരു സഭ എന്ന നിലയില്‍, ബുദ്ധിമുട്ടേറിയ ഗര്‍ഭധാരണം അഭിമുഖീകരിക്കുന്ന സ്ത്രീകളെ സേവിക്കുകയും അവരെ സ്നേഹത്തോടെ വലയം ചെയ്യുകയും വേണമെന്ന് ബിഷപ്പുമാര്‍ ഓര്‍മിപ്പിച്ചു.  ഗര്‍ഭച്ഛിദ്രത്തിന്റെ അനീതിയെക്കുറിച്ച് ചുറ്റുമുള്ളവരെ ബോധവത്കരിക്കാന്‍ പ്രവര്‍ത്തിച്ച ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പ്രവര്‍ത്തനത്തെ ബിഷപ്പുമാര്‍ പ്രശംസിച്ചു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പരിചരണവും കൗണ്‍സിലിംഗും നല്‍കാനും ഗര്‍ഭച്ഛിദ്രത്തിന് പകരം കുഞ്ഞുങ്ങളുടെ ദത്തെടുക്കല്‍, പരിപാലനം ഉള്‍പ്പെടെയുള്ള ബദലുകള്‍ തെരഞ്ഞെടുക്കാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പൊതു നയങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും ബിഷപ്പുമാര്‍ നന്ദി അറിയിച്ചു. ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രോ-ലൈഫ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിലെ നല്ല കാര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.

സാമൂഹിക മാറ്റത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള മഹത്തായ പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പ്രോ-ലൈഫ് സംഘടനകളും ഉള്‍പ്പെടുന്നു.  ഈ ശ്രമങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബിഷപ്പുമാര്‍ ഓര്‍മിപ്പിച്ചു. വിവാഹങ്ങളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന ഒരു സമൂഹവും സമ്പദ് വ്യവസ്ഥയും കെട്ടിപ്പടുക്കാനുള്ള സമയമാണിത്. ഓരോ സ്ത്രീക്കും തന്റെ കുട്ടിയെ ഈ ലോകത്തേക്ക് സ്നേഹത്തോടെ സ്വീകരിക്കാന്‍ ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കേണ്ടതുണ്ടെന്നും ബിഷപ്പുമാര്‍ പറഞ്ഞു.  മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ മഹത്തായ സ്‌നേഹ പദ്ധതിക്കു വേണ്ടിയുള്ള തങ്ങളുടെ സേവനം തുടരുമെന്നും ജീവിക്കാനുള്ള അവകാശം ഉറപ്പു നല്‍കുന്ന വിധി നിറവേറ്റാന്‍ സഹപൗരന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞയെടുത്താണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

യുഎസ് ബിഷപ്പുമാരുടെ പ്രസ്താവനയില്‍ വത്തിക്കാനിലെ പൊന്തിഫിയല്‍ അക്കാദമി ഫോര്‍ ലൈഫും പങ്കുചേര്‍ന്നു. ജീവിതമൂല്യം ഉയര്‍ത്തിപ്പിടിക്കാനുള്ള നയങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കണമെന്ന് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് പറഞ്ഞു.

ശരിയായ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുക, എല്ലാവര്‍ക്കും പ്രാപ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുക, നിലവിലുള്ള അസമത്വങ്ങളെ അതിജീവിച്ച് കുടുംബത്തെയും മാതൃത്വത്തെയും സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാണ നടപടികള്‍ തയ്യാറാക്കുക എന്നിവ വേണമെന്നും പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് പറഞ്ഞു. ദമ്പതികള്‍ക്കും അമ്മമാര്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും മികച്ച പിന്തുണ ആവശ്യമാണ്. ഗര്‍ഭധാരണം ബുദ്ധിമുട്ടുള്ള അമ്മമാരെ അതു തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും കുട്ടിക്ക് മികച്ച ജീവിതം വാഗ്ദാനം ചെയ്യുന്നവരെ ഏല്‍പ്പിക്കാനുള്ള നടപടികളും ഉണ്ടാവണം.

ജീവിതത്തോടുള്ള അഭിനിവേശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാശ്ചാത്യ സമൂഹത്തിന് മുന്നില്‍ ഈ വിധി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ശക്തമായ ക്ഷണമാണ് നല്‍കുന്നതെന്നും പൊന്തിഫിക്കല്‍ അക്കാദമിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍സോ പഗ്ലിയ പറഞ്ഞു.

Other News