ട്രംപിന്റെ ഭരണകാലയളവില്‍ അമേരിക്കന്‍ മേധാവിത്തം ഇടിയുന്നു


DECEMBER 9, 2019, 5:50 PM IST

നാറ്റോ മീറ്റിംഗിനിടയില്‍  അടക്കം പറഞ്ഞ് ചിരിച്ച രഹസ്യം ഇന്ന് അങ്ങാടിപ്പാട്ടായിരിക്കയാണ്. അതെ, പ്രസിഡന്റ് ട്രംപ് അധികാരമേറ്റ് മൂന്നുവര്‍ഷത്തിനുശേഷം അമേരിക്കയുടെ ലോകമേധാവിത്തത്തിന് ഇടിവുണ്ടായിരിക്കുന്നു. ചൈനയ്ക്കും റഷ്യയ്ക്കും സന്തോഷം പകരുന്ന, നാറ്റോ സഖ്യരാഷ്ട്രങ്ങളുടെ തലസ്ഥാനങ്ങളില്‍ ആശങ്കയുണര്‍ത്തുന്ന ഈ കാര്യം ആദ്യം പറഞ്ഞത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ്. നാറ്റോ മീറ്റിംഗ് ഹാളില്‍ ട്രൂഡോ പങ്കുവച്ച ഈ രഹസ്യം കേട്ട് ചിരിതൂകുന്ന  ലോകനേതാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ നാറ്റോയ്ക്ക് തരുന്ന പങ്കില്‍ അഡ്ജസ്റ്റ്‌മെന്റ് സാധ്യമല്ല എന്നു തീര്‍ത്തുപറഞ്ഞതിന്റെ ദേഷ്യമാണ് ട്രൂഡോയുടെ വാക്കുകളിലുണ്ടായിരുന്നതെന്ന് ട്രംപ് പിന്നീട് പ്രതികരിച്ചു. എന്നാല്‍ കാര്യങ്ങള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ല. ട്രംപ്  അംഗീകരിച്ചാലും ഇല്ലെങ്കിലും.

ചൈനയേയും റഷ്യയേയും സംശയത്തോടെ വീക്ഷിച്ചിരുന്ന ലോകരാഷ്ട്രങ്ങള്‍ അവരെ   അംഗീകരിക്കാന്‍ തുടങ്ങിയതോടെയാണ് അമേരിക്കയുടെ മേധാവിത്തം മങ്ങാന്‍ തുടങ്ങിയത്. ഉദാഹരണത്തിന് പാക്കിസ്ഥാന്‍. എന്നും യു.എസിന്റെ സഖ്യകക്ഷിയായി അറിയപ്പെട്ടിരുന്ന പാക്കിസ്ഥാന്‍ ഇന്ന് പരസ്യമായി തന്നെ അമേരിക്കയ്ക്കയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ആരംഭിച്ചിരിക്കുന്നു. മാത്രമല്ല, അമേരിക്കയെ അവഗണിച്ച് റഷ്യയില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും ചൈനയില്‍ നിന്ന് നിക്ഷേപവും സ്വീകരിക്കുകയാണ് ഇന്ന് അവര്‍.

ദക്ഷിണ ചൈന കടലിടുക്കിലെ ചൈനീസ് അധിനിവേശത്തെക്കുറിച്ച് വേവലാതികളുണ്ടെങ്കിലും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗസ് ഡ്യുട്ടര്‍ട്ട് ബീജിംഗുമായി അടുക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു.

ദീര്‍ഘകാലം അമേരിക്കയുടെ വിശ്വസ്ത സുഹൃത്തായിരുന്നു ഈജിപ്താകട്ടെ റഷ്യയുമായി ചേര്‍ന്ന് സൈനികാഭ്യാസം തന്നെ നടത്തി. മാത്രമല്ല, മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്ത് ക്യാമ്പ് തുറന്നുനല്‍കാനും അവര്‍ തയ്യാറായി.

റഷ്യയെ ചെറുക്കാന്‍ അമേരിക്കയെ കൂട്ടുപിടിക്കുന്ന ഉക്രൈന്‍ പോലുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിലപാടുകളോട് സമരസപ്പെടാനാകാതെ ഉഴലുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്കവാറും ആഫ്രിക്കന്‍ രാജ്യങ്ങളേയും വന്‍നിക്ഷേപ പദ്ധതികളിലൂടെ ചൈന ഇതിനോടകം വരുതിയിലാക്കിയിട്ടുമുണ്ട്.

അമേരിക്കയുടെ മേധാവിത്തം എവിടെ അവസാനിച്ചോ അവിടെയെല്ലാം റഷ്യ ശക്തരായിട്ടുണ്ടെന്നാണ് ഇതിനെക്കുറിച്ച് കെയ് വീവ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആഗോള തന്ത്രജ്ഞന്‍ വാദിം കരസേവ് പറയുന്നത്. ഉദാഹരണത്തിന് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായുള്ള പിണക്കം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാറ്റോയ്‌ക്കെതിരെ പ്രതികരിച്ച മാക്രോണിന്റെ നിലപാടിനെ ട്രംപ് വിമര്‍ശിച്ചിരുന്നു. ഇറാന്‍-തുര്‍ക്കി പ്രശ്‌നവും അവിടുത്തെ യു.എസ് നാറ്റോ ഇടപെടലും ചര്‍ച്ച ചെയ്യാതിരുന്നതിലുള്ള അമര്‍ഷമാണ് മാക്രോണ്‍ പ്രകടിപ്പിച്ചത്. മാത്രമല്ല, വ്യാപാരയുദ്ധത്തിലും ഇറാന്‍ പ്രശ്‌നത്തിലും ഫ്രാന്‍സ് ഇപ്പോള്‍ നോക്കുന്നത് വാഷിങ്ടണിലേയ്ക്കല്ല, ബീജിംഗിലേയ്ക്കാണെന്ന് കരസേവ് പറഞ്ഞു. ഈയിടെ ചൈന സന്ദര്‍ശിച്ചതിനുശേഷമുള്ള മാക്രോണിന്റെ നിലപാടുകള്‍ അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ട്രംപിന് ഇക്കാര്യത്തില്‍ വലിയ ആശങ്കകളൊന്നുമില്ല. ആഗോളവല്‍ക്കരണത്തെ ഇല്ലാതാക്കി ദേശീയതയെ ഊട്ടിഉറപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് 'അമേരിക്ക ആദ്യം' എന്ന തന്റെ പ്രഖ്യാപിത നിലപാടിലൂടെ ട്രംപ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.ഇതിനായി സമാനനിലപാടുകളുള്ളവരുമായി കൂട്ടുകൂടാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.പക്ഷെ ഡെമോക്രാറ്റ്‌സുകള്‍ക്ക് ഈ നയവ്യതിയാനം ദഹിക്കുന്നില്ല എന്നുമാത്രമല്ല,അമേരിക്ക എന്നും അമേരിക്കയാണെന്നും എക്കാലവും ലോകരാഷ്ട്രങ്ങളെ സ്വാധീനം ചെലുത്തുന്ന ശക്തിയായി തങ്ങള്‍ തുടരുമെന്നും അവര്‍ പറയുന്നു.

Other News