ഇന്ത്യന്‍ വംശജയായ അനിത ഭാട്ടിയയെ യു.എന്‍. ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു


JUNE 1, 2019, 5:19 AM IST

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ അനിത ഭാട്ടിയയെ ഐക്യരാഷ്ട്ര സഭയുടെ ലിംഗ സമത്വം, വനിതാ ശാക്തീകരണം, റിസോഴ്‌സ് മാനേജ്‌മെന്റ്, സുസ്ഥിരത, പാര്‍ട്ട്ണര്‍ഷ്പ് കാര്യങ്ങള്‍ക്കുള്ള സമിതിയുടെ ഡെപ്യൂട്ടി എകസിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസ് ആണ് നിയമനം നടത്തിയതെന്ന് യു.എന്‍ വക്താവിന്റെ ഓഫീസ് അറിയിച്ചു.

കോല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും, അമേരിക്കയിലെ യേള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സും, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും നേടിയിട്ടുള്ള അനിത വേള്‍ഡ് ബാങ്കില്‍ പല ഉന്നത പദവികളും വഹിച്ചിട്ടുണ്ട്. വെറ്ററന്‍ നയതന്ത്ര പ്രതിനിധിയും, ലിംഗ സമത്വ കാര്യത്തില്‍ മുന്‍നിര പോരാളിയുമായ ലക്ഷ്മി പുരി യു.എന്നിലെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായും, യു.എന്‍ (വനിത) ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറായും  മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെ സ്വകാര്യ മേഖലയായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പരേഷന്റെ ഗ്ലോബല്‍ പാര്‍ട്ട്ണര്‍ഷിപ് ഡയറക്ടറായും, വേള്‍ഡ് ബാങ്കിന്റെ ഡെവലപ്‌മെന്റ് പാര്‍ട്ട്ണര്‍ റിലേഷന്‍സ് ഡയറക്ടറായും അനിത പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗത്ത് സുഡാനിലെ യു.എന്‍ സേനയുടെ കമാന്‍ഡറായി ഉയര്‍ന്ന ഇന്ത്യന്‍ സൈനിക ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ ഷൈലേഷ് ടിനായികറിനെ യു.എന്‍ സെക്രട്ടറി ജനറല്‍ നിയമിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മറ്റൊരു ഇന്ത്യന്‍ വംശജയ്ക്ക് യു.എന്നില്‍ ഉന്നത സ്ഥാനം ലഭിച്ചിരിക്കുന്നത്.